By K.j.George
ഇലോണ്‍ മസ്‌കിന്റെ ഉപഗ്രഹ ഇന്റര്‍നെറ്റ് സംരംഭമായ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിലെ ടെലികോം മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് ലഭിച്ചതായി റിപ്പോര്‍ട്ട്. ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. സ്റ്റാര്‍ലിങ്കും ടെലികോം വകുപ്പും ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള ലൈസന്‍സുകള്‍ക്കായി സ്റ്റാര്‍ലിങ്ക് 2022 മുതല്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍ രാജ്യസുരക്ഷ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ കാലതാമസമുണ്ടായി. ഇന്ത്യയിലെ പ്രവര്‍ത്തനത്തിനുള്ള പ്രധാന തടസം നീങ്ങുന്നതോടെ ഇന്ത്യയില്‍ വാണിജ്യ സേവനങ്ങള്‍ ആരംഭിക്കുന്നകാര്യത്തില്‍ സ്റ്റാര്‍ലിങ്ക് ഒരുപടികൂടി മൂന്നോട്ട് എത്തിയിരിക്കുകയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ ഇന്ത്യന്‍ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്‍ സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം ഇന്ത്യയില്‍ എത്തിക്കാന്‍ ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി ഒരു കരാര്‍ പ്രഖ്യാപിച്ചിരുന്നു. പിന്നീട്, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാന്‍ ഒരു കരാര്‍ ഒപ്പുവച്ചു.
ഉപഗ്രഹങ്ങള്‍ വഴി അതിവേഗ ഇന്റര്‍നെറ്റ് വാഗ്ദാനം ചെയ്യുന്നതാണ് ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സിന്റെ സംരംഭമായ സ്റ്റാര്‍ലിങ്ക്. ഇന്ത്യയില്‍ എത്തുന്നതോടെ രാജ്യത്തെ ഇന്റര്‍നെറ്റ് ലഭ്യതയില്‍ വന്‍പരിവര്‍ത്തനം വരുത്താന്‍ സ്റ്റാര്‍ലിങ്കിന് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഏറ്റവും വിദൂരവും ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്താത്തതുമായ പ്രദേശങ്ങളില്‍ ഉള്‍പ്പെടെ ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാക്കാനാകും. നിലവില്‍ 6,750-ലധികം ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാണ് സ്റ്റാര്‍ലിങ്ക് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനം എത്തിക്കുന്നത്. സ്റ്റാര്‍ലിങ്കിന് രാജ്യത്ത് പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുന്നതിന് വിധേയമായിട്ടാരുന്നു എയര്‍ടെല്ലും ജിയോയും കരാറില്‍ ഏര്‍പ്പെട്ടിരുന്നത്.