കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ ഇറാനിയന്‍ ചരക്കുകപ്പല്‍ മറിഞ്ഞ് കാണാതായവരില്‍ കണ്ണൂര്‍ ആലക്കോട് സ്വദേശി അമലും. ഇന്ത്യന്‍ എംബസിയാണ് അമലും കാണാതായവരില്‍ ഉള്‍പ്പെട്ടുവെന്ന് കുടുംബത്തെ അറിയിച്ചത്.
കപ്പല്‍ മറിഞ്ഞ സ്ഥലത്തുനിന്നും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നെങ്കിലും അതില്‍ അമലുണ്ടോയെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.എട്ടുമാസം മുമ്പാണ് ആലക്കോട് കാവുംകൂടി സ്വദേശി അമല്‍ ഇറാനിയന്‍ കപ്പലില്‍ ജോലിയ്ക്ക് കയറിയത്. ഒടുവില്‍ മകന്റെ ഫോണ്‍ വിളിയെത്തിയത് ആഗസ്റ്റ് 28ന്. ഈ മാസം അവസാനം നാട്ടിലെത്താനിരിക്കെയാണ് കപ്പല്‍ അപകടത്തില്‍പെട്ടത്. എംബസിയില്‍ നിന്ന് അറിയിപ്പെത്തിയത് മുതല്‍ ആവലാതിയിലാണ് കുടുംബം.തിരച്ചിലില്‍ ആറ് മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്ടെത്തിയിരുന്നു. മൂന്നെണ്ണം കുവൈത്തിലുണ്ട്. ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇക്കൂട്ടത്തില്‍ അമലുണ്ടോയെന്നാണ് സംശയം. സ്ഥിരീകരണത്തിനായി പിതാവിന്റെ ഡിഎന്‍എ സാമ്പിള്‍ എംബസിയ്ക്ക് കൈമാറിയിട്ടുണ്ട്. കാണാതായവരില്‍ മറ്റൊരു മലയാളിയുമുണ്ടെന്നും സൂചനയുണ്ട്.