ക്രിക്കറ്റ് പ്രേമികള്‍ക്ക് ആവേശം പകരുന്ന വാര്‍ത്തയുമായി തമിഴ്‌നാട് സര്‍ക്കാര്‍. ഇന്ത്യയിലെ ഏറ്റവും വലിയ സ്‌റ്റേഡിയം പണിയാനാണ് സംസ്ഥാന സര്‍ക്കാര്‍ തയാറെടുക്കുന്നത്. മലയാളികള്‍ക്കും സന്തോഷം പകരുന്നതാണ് പുതിയ വാര്‍ത്ത. കാരണം, സ്റ്റേഡിയം വരുന്നത് കോയമ്പത്തൂരിലാണ്.
കേരളത്തില്‍ നിന്ന് വളരെ അടുത്താണെന്നത് തന്നെ കാരണം.
പുതിയ സ്റ്റേഡിയം സംബന്ധിച്ച പ്രഖ്യാപനം തമിഴ്‌നാട് വ്യവസായ മന്ത്രി ഡോ. ടി.ആര്‍.ബി രാജയാണ് നടത്തിയത്. കോയമ്പത്തൂരില്‍ പുതിയ സ്റ്റേഡിയം വരുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ഏപ്രിലില്‍ പ്രഖ്യാപിച്ചിരുന്നു. കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള ഒന്‍ഡിപുഡൂര്‍ മേഖലയിലാണ് സ്റ്റേഡിയത്തിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. കേരള അതിര്‍ത്തിയില്‍ നിന്ന് 35 കിലോമീറ്റര്‍ മാത്രമാണ് ഇവിടേക്കുള്ള ദൂരം.
കൊച്ചി-സേലം എൻ.എച്ച് 544നോട് ചേർന്നാണ് ഈ സ്ഥലം. തമിഴ്‌നാട് പ്രിസൺസ് ഡിപ്പാർട്ട്മെന്റിന് കീഴിൽ ഇവിടെ 200 ഏക്കറുണ്ട്. ഇതിൽ 198 ഏക്കർ ഏറ്റെടുത്താകും നിർമാണം. ഫൈവ് സ്റ്റാർ ഹോട്ടൽ, റെറ്റോറൻ്റ്, ബ്രോഡ്‌കാസ്റ്റിംഗ് സെന്റർ, ക്രിക്കറ്റ് മ്യൂസിയം എന്നിവയും നിർമിക്കും. തമിഴ്‌നാട് സ്പോർട്‌സ് ഡെവലപ്മെന്റ് അതോറിറ്റിയാകും നിർമാണത്തിന് മേൽനോട്ടം വഹിക്കുക.
നിർമാണം പൂർത്തിയാകുന്നതോടെ അന്താരാഷ്ട്ര മൽസരങ്ങൾക്കൊപ്പം ഐ.പി.എല്ലിനും പുതിയ സ്റ്റേഡിയം വേദിയാകും. കേരളത്തിന് ടീമില്ലാത്തതിനാൽ ബെംഗളൂരുവിലോ ചെന്നൈയിലോ പോകണമായിരുന്നു മലയാളികൾക്ക് ഐ.പി.എൽ കാണാൻ. കോയമ്പത്തൂർ സ്റ്റേഡിയം വരുന്നതോടെ ഐ.പി.എൽ കാണുകയെന്നത് ചെലവ് കുറഞ്ഞ കാര്യമായി മാറും മലയാളികൾക്ക്.
ഇന്ത്യയിലെ വലിയ സ്റ്റേഡിയമെന്ന റെക്കോഡ് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിനാണ്. സബർമതി നദിയുടെ തീരത്ത് 63 ഏക്കറിലുള്ള സർദാർ വല്ലഭായ് പട്ടേൽ സ്പോർട്‌സ് എൻക്ലേവിന്റെ ഭാഗമാണ് നരേന്ദ്ര മോദി സ്റ്റേഡിയം. അഹമ്മദാബാദിലെ നവരംഗപുരി മുനിസിപ്പൽ സ്റ്റേഡിയം നവീകരിച്ച് 1983ൽ മൊട്ടേരയിലെ ഗുജറാത്ത് സ്റ്റേഡിയം നിർമിച്ചു.
പിന്നീട് സർദാർ പട്ടേൽ സ്റ്റേഡിയം എന്ന് പേരു മാറ്റി. ഇത് ഇടിച്ചുനിരത്തി 2020ൽ പുതുതായി നിർമിച്ചതാണ് നരേന്ദ്ര മോദി സ്റ്റേഡിയം. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയവും ഇത് തന്നെയാണ്. 1,32,000 കാണികളെ ഉൾക്കൊള്ളാം. 1,00,024 സീറ്റുകളുള്ള ഓസ്ട്രേലിയയിലെ മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയമാണ് രണ്ടാം സ്ഥാനത്ത്.