Gulf

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ചെലവേറിയ സിനിമയൊരുക്കാൻ എസ് എസ് രാജമൌലി ബജറ്റ് 1000 കോടി

Published

on

By K.j.George

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും താരമൂല്യമുള്ള സംവിധായകന്‍ ആരെന്ന ചോദ്യത്തിന് ഭൂരിഭാഗം പ്രേക്ഷകരും പറയുന്ന ഉത്തരം എസ് എസ് രാജമൌലി എന്നായിരിക്കും. അത് ശരിയാണ് താനും. ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തെലുങ്ക് സിനിമയുടേത് മാത്രമല്ല, തെന്നിന്ത്യന്‍ സിനിമയുടെ തന്നെ ഭാവി മാറ്റിമറിച്ച സംവിധായകനാണ് അദ്ദേഹം. ബാഹുബലി ഫ്രാഞ്ചൈസിക്ക് ശേഷം സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ പാശ്ചാത്യ ലോകത്ത് പോലും തരം​ഗമായി. അടുത്തതായി അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ കാന്‍വാസിനും വലിപ്പത്തില്‍ കുറവൊന്നുമില്ല.

S. S. Rajamouli

മഹേഷ് ബാബുവിനെ നായകനാക്കി ഒരുക്കുന്ന ചിത്രം ഒരു ആഫ്രിക്കന്‍ ജം​ഗിള്‍ അഡ്വഞ്ചര്‍ ആണെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ഈ പ്രോജക്റ്റ് സംബന്ധിച്ച മറ്റ് ചില വിവരങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. തീര്‍ത്തും ഒരു ആ​ഗോള ചിത്രമായാണ് രാജമൗലി ഈ ചിത്രത്തെ വിഭാവനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട്. മഹേഷ് ബാബുവിന്‍റെ കഴിഞ്ഞ ചിത്രമായ പി എസ് വിനോദ് ആയിരിക്കും ഈ ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകന്‍ എന്നാണ് അറിയുന്നത്.

ബാഹുബലിക്കും ആര്‍ആര്‍ആറിനുമൊക്കെ കഥയൊരുക്കിയ വിജയേന്ദ്ര പ്രസാദ് തന്നെയാവും മകന്‍ രാജമൗലിയുടെ പുതിയ സ്വപ്ന ചിത്രത്തിനും കഥ എഴുതുക. ചിത്രത്തിന്‍റെ വലിപ്പത്തെ സംബന്ധിച്ചുള്ള സൂചനയും പുതിയ റിപ്പോര്‍ട്ടുകളിലുണ്ട്. 1000 കോടി എന്ന, ഇന്ത്യന്‍ സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത ബജറ്റിലാവും ഈ ചിത്രം ഒരുങ്ങുകയെന്നാണ് വിവരം. മലയാളികളെ സംബന്ധിച്ചും ഈ പ്രോജക്റ്റിൽ താൽപര്യക്കൂടുതൽ ജനിപ്പിക്കുന്ന ഒരു ഘടകമുണ്ട്. പൃഥ്വിരാജ് ആവും ഈ ചിത്രത്തിൽ പ്രതിനായക വേഷത്തിൽ എത്തുകയെന്ന് നേരത്തേ റിപ്പോർട്ടുകൾ എത്തിയിരുന്നു. എന്നാൽ ഇതിന് സ്ഥിരീകരണം ആയിട്ടില്ല.

അതേസമയം ചിത്രത്തിനായി ശരീരം ഒരുക്കിയെടുക്കുന്നതിനായുള്ള ശ്രമങ്ങളിലാണ് മഹേഷ് ബാബു. ശരീരഭാരവും മസിലും കൂട്ടിയെടുക്കാനാണ് രാജമൗലിയിൽ നിന്നും താരത്തിന് ലഭിച്ചിട്ടുള്ള നിർദേശം. ഹനുമാനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കിയിരിക്കുന്ന നായക കഥാപാത്രത്തെയാവും മഹേഷ് ബാബു അവതരിപ്പിക്കുകയെന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version