കഴിഞ്ഞ ദിവസമാണ് അജ്മാനിലെ വ്യാപാര കേന്ദ്രത്തിലെ മാനേജറായ തലശ്ശേരി കായ്യത്ത് റോഡ് സ്വദേശി അറക്കൽ പറക്കാട്ട് നൗജസ് ഹനീഫിന് ദുബൈ പൊലീസില്‍ നിന്നും ഫോൺ കാൾ വരുന്നത്. ഉടൻ ഓഫിസിൽ എത്താനായിരുന്നു നിർദേശം. അവിടെയെത്തിയപ്പോഴാണ് താന്‍ കെണിയില്‍പെട്ട വിവരമറിയുന്നത്. 2023 ഒക്ടോബര്‍ മാസത്തിലാണ് ഇദ്ദേഹം കേസിൽ കുടുങ്ങിയ ആ സംഭവം നടന്നത്. ജോലി ചെയ്യുന്ന വ്യാപാര കേന്ദ്രത്തില്‍ എത്തിയ ഒരു അറബ് സ്വദേശിയെ പോലൊരാൾ എ.ടി.എം മെഷീനില്‍ പണം നിക്ഷേപിക്കാന്‍ ശ്രമിക്കുന്നു. എമിറേറ്റ്സ് ഐ.ഡി ഇല്ലാത്തതിനാല്‍ ഇയാൾ രണ്ട് പേരോട് സഹായം അഭ്യര്‍ഥിച്ചു. രണ്ടു പേരും അഭ്യർഥന നിരസിച്ചതിനെ തുടര്‍ന്ന് മാളിലെ മാനേജറായ നൗജസ് ഹനീഫിനെ സമീപിക്കുകയായിരുന്നു.
തന്‍റെ എമിറേറ്റ്സ് ഐ.ഡി വീട്ടില്‍ വെച്ച് മറന്നെന്നും എ.ടി.എമ്മിൽ പണം നിക്ഷേപിക്കാന്‍ കാര്‍ഡ് തന്ന് സഹായിക്കണമെന്നുമായിരുന്നു അഭ്യർഥന. പുതിയ കസ്റ്റമറെ പിണക്കാതെയിരിക്കാമെന്ന് ചിന്തിച്ച നൗജസ് ഹനീഫ് തന്‍റെ ഐ.ഡി കാര്‍ഡ് നൽകി. പണം നിക്ഷേപിച്ച ശേഷം നന്ദിയും പറഞ്ഞ് ഇയാൾ സ്ഥലംവിട്ടു. യഥാർഥത്തില്‍ മയക്കുമരുന്ന് വ്യാപാരവുമായി ബന്ധപ്പെട്ട ഇടപാടിനാണ് എ.ടി.എം മെഷീനില്‍ പണം നിക്ഷേപിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട രേഖകള്‍ പൊലീസ് പരിശോധിക്കുന്നതിനിടെയാണ് പണം നിക്ഷേപിച്ച മലയാളിയുടെ എമിറേറ്റ്സ് ഐ.ഡി ശ്രദ്ധയില്‍പ്പെടുന്നത്.