സാഗര സൗന്ദര്യം നുകർന്ന് അത്യാഡംബര കപ്പലിൽ ഒരു വിനോദ യാത്രയ്ക്ക് അവസരമൊരുങ്ങുന്നു. ദുബായിൽ നിന്ന് ഒമാൻ കടലും അറേബ്യൻ ഗൾഫും താണ്ടി സഞ്ചാരികളുമായി കുതിക്കാൻ ഒരുങ്ങി റിസോർട്ട് വേൾഡ് ക്രൂസിന്റെ പുതിയ കപ്പലാണ് പോർട്ട് റാഷിദിൽ എത്തുന്നത്.
പാക്കേജുകൾ
നവംബർ ഒന്നു മുതൽ വിവിധ ഗൾഫ് വിനോദ കേന്ദ്രങ്ങളിലേക്ക് കപ്പൽ പുറപ്പെടും. അബുദാബിയുടെ ഭാഗമായ സർ ബനിയാസിലേക്ക് എല്ലാ വെള്ളിയാഴ്ചകളിലും പുറപ്പെടുന്ന 2 രാത്രി ഉൾപ്പെടുന്ന പാക്കേജ്, ഖസബ് – മസ്കത്ത് വഴി എല്ലാ ഞായറാഴ്ചകളിലും പുറപ്പെടുന്ന 3 രാത്രിയുടെ ഒമാൻ പാക്കേജ്, ദോഹയിലേക്ക് എല്ലാ ബുധനാഴ്ചകളിലും 2 രാത്രികൾ ഉൾപ്പെടുന്ന ഖത്തർ പാക്കേജ് എന്നിവയാണ് കമ്പനി പ്രഖ്യാപിച്ചത്. ദുബായ് ടൂറിസവുമായി ചേർന്നാണ് കപ്പൽ യാത്ര ഒരുക്കിയിരിക്കുന്നത്. വിവിധ പാക്കേജുകൾ ഒന്നിച്ചു തിരഞ്ഞെടുക്കാനും സാധിക്കും.
റിസോർട് വേൾഡ് ക്രൂസ് കപ്പൽ. കപ്പലിൽ ഒരുക്കിയിരിക്കുന്ന വാട്ടർ പാർക്ക്.
ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്കു വേണ്ടി പ്രത്യേകം ഒരുക്കിയിരിക്കുന്നതാണ് കപ്പലിലെ സൗകര്യങ്ങൾ. ഹലാൽ ഭക്ഷണം, വെജിറ്റേറിയൻ, ജെയിൻ ഭക്ഷണങ്ങളും ലഭ്യമാണ്. ഇംഗ്ലിഷ്, അറബിക് ഭാഷകളിലാണ് അറിയിപ്പുകൾ. ക്രൂസ് ടൂറിസത്തിന്റെ പുതിയ കേന്ദ്രമായി ദുബായിയെ മാറ്റിയെടുക്കും.
ആദ്യ യാത്ര ദീപാവലി ദിനത്തിലായതിനാൽ പ്രത്യേക ആഘോഷങ്ങളും വിഭവങ്ങളും രാത്രി മുഴുവൻ നീളുന്ന പാർട്ടികളും സംഗീത പരിപാടികളും കപ്പലിൽ ഒരുക്കിയിട്ടുണ്ട്. അമ്യൂസ്മെന്റ് പാർക്ക്, വാട്ടർ പാർക്ക് എന്നിവയും കപ്പലിലുണ്ട്. പാലസ് എന്ന പേരിൽ അത്യാഡംബര മുറികളുമുണ്ട്. ഡിപി വേൾഡും കപ്പൽ സർവീസിൽ സഹകരിക്കും.