അക്കാഫ് അസോസിയേഷൻ ഓണാഘോഷം തിരുവോണദിനമായ ഞായറാഴ്ച ദുബായിൽ നടക്കും. വേൾഡ് ട്രേഡ് സെന്ററിലാണ് പൊന്നോണക്കാഴ്ച എന്നപേരിൽ ആഘോഷം. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
രാവിലെ എട്ടുമണിക്ക് ഓണാഘോഷത്തിന് തുടക്കമാവും. വിവിധ കോളേജ് അലംനി അംഗങ്ങൾ പങ്കെടുക്കുന്ന പൂക്കളമത്സരം, സിനിമാറ്റിക് ഡാൻസ്, പായസ മത്സരം, പുരുഷ കേസരി, മലയാളിമങ്ക, ട്രഡീഷണൽ ഗെയിംസ്, കോളേജ് അലംനികളുടെ സാംസ്‌കാരിക ഘോഷയാത്രാമത്സരം, കുട്ടികൾക്കുള്ള പെയിന്റിങ്- ചിത്ര രചനാ മത്സരങ്ങൾ എന്നിവയും ഉണ്ടായിരിക്കും. ഉച്ചയ്ക്ക് 11 മണിയോടെ ഓണസദ്യയ്ക്ക് തുടക്കമാവും. ഏകദേശം 10,000 പേർക്ക് ഓണസദ്യ വിളമ്പും.
കേരളത്തിലെ വിവിധ ജില്ലകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട 26 അമ്മമാരെ പങ്കെടുപ്പിച്ചുകൊണ്ട് ‘മാതൃവന്ദനം’ ആഘോഷത്തിലെ പ്രധാനപരിപാടിയാണ്.ചെറിയവരുമാനത്തിൽ ജോലിചെയ്യുന്ന പ്രവാസികളുടെ അമ്മമാരെ ഉൾപ്പെടുത്തിയുള്ളതാണ് മാതൃവന്ദനം. ഇന്ത്യൻ കോൺസുലേറ്റ്, നോർക്ക- റൂട്ട്സ്, വിവിധ വാണിജ്യ സ്ഥാപനങ്ങൾ എന്നിവയും അക്കാഫ് അസോസിയേഷൻ ഓണാഘോഷവുമായി സഹകരിക്കുന്നുണ്ട്. വൈകീട്ട് നടക്കുന്ന സാംസ്കാരിക സദസ്സിൽ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, മുൻ കോൺസൽ ജനറലും നയതന്ത്രജ്ഞനുമായ വേണു രാജാമണി എന്നിവർ മുഖ്യാതിഥികളാവും. സച്ചിൻ വാര്യർ, ആര്യ ദയാൽ എന്നിവരുടെ നേതൃത്വത്തിൽ സംഗീത നിശയും ഉണ്ടായിരിക്കും. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്., ഖജാൻജി മുഹമ്മദ് നൗഷാദ്,
വൈസ് പ്രസിഡന്റ് വെങ്കിട് മോഹൻ, ജനറൽ കൺവീനർ ശങ്കർ നാരായൺ, ഡയറക്ടർ ബോർഡ് അംഗങ്ങളായ മുഹമ്മദ് റഫീഖ്, മച്ചിങ്ങൽ രാധാകൃഷ്ണൻ, ഷൈൻ ചന്ദ്രസേനൻ, സാനു മാത്യു, ജോയിന്റ് ജനറൽ കൺവീനർമാരായ ഡോ. ജയശ്രീ, എ.വി. ചന്ദ്രൻ, അഡ്വ. സഞ്ജു കൃഷ്ണൻ, ഫെബിൻ ജോൺ, മൻസൂർ സി.പി. എന്നിവരുടെ നേതൃത്വത്തിൽ 300 പേരടങ്ങുന്ന വിപുലമായ കമ്മിറ്റിയാണ് ഓണാഘോഷത്തിനായി പ്രവർത്തിക്കുന്നത്.