ദുബായ്:യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള സാഹോദര്യവും ചരിത്രപരമായ ബന്ധങ്ങളും ഊട്ടിയുറപ്പിച്ചുകൊണ്ട്, 95-ാമത് സൗദി ദേശീയ ദിനം ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെ (GDRFA) നേതൃത്വത്തിൽ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1-ൽ വിപുലമായി ആഘോഷിച്ചു.
സൗദിയിൽ നിന്ന് ദുബായിലെത്തിയ യാത്രക്കാരെ കാത്തിരുന്നത് ഊഷ്മളമായ സ്വീകരണമാണ്. യുഎഇയുടെ ആതിഥ്യമര്യാദയുടെ പ്രതീകമായി സൗദി പതാകകളും പ്രത്യേക സമ്മാനങ്ങളും നൽകി അവരെ സ്വീകരിച്ചു. ഈ ആഘോഷത്തിന്റെ ഭാഗമായി സ്മാർട്ട് ഗേറ്റുകൾ പച്ച നിറത്തിൽ പ്രകാശിച്ചുനിന്നു. സാലം, സലാമ എന്നീ മാസ്കോട്ടുകൾ കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി അവരെ സന്തോഷിപ്പിച്ചത് ഈ ദേശീയ ദിനാഘോഷത്തിന് കൂടുതൽ മധുരം നൽകി.
യാത്രക്കാർക്ക് അവിസ്മരണീയമായ ഓർമ്മകൾ സമ്മാനിച്ചുകൊണ്ട്, സൗദി യാത്രക്കാരുടെ പാസ്പോർട്ടുകളിൽ പ്രത്യേക സ്റ്റാമ്പ് പതിപ്പിച്ചു. ‘UAE_Saudi, Together-Forever’ എന്ന വാചകവും 95-ാമത് സൗദി ദേശീയ ദിനത്തിന്റെ ലോഗോയും ആലേഖനം ചെയ്ത ഈ സ്റ്റാമ്പ് ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ ബന്ധത്തിന്റെയും ഐക്യത്തിന്റെയും ശക്തി വിളിച്ചോതുന്നതായിരുന്നു.
ജിഡിആർഎഫ്എ ദുബായ് നടത്തിയ ഈ ഉദ്യമം, തങ്ങളുടെ സേവനങ്ങളുടെ കേന്ദ്രബിന്ദുവായി ആളുകളെ കാണുന്ന സ്ഥാപനത്തിന്റെ കാഴ്ചപ്പാടിനെയാണ് സൂചിപ്പിക്കുന്നത്. ജീവിതനിലവാരത്തിൽ ദുബായിയെ ഉയർത്തി കാട്ടാനും, രാജ്യങ്ങൾക്കിടയിൽ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പാലങ്ങൾ പണിയാനുള്ള ഭരണനേതൃത്വത്തിന്റെ കാഴ്ചപ്പാടിനെ ശക്തിപ്പെടുത്താനും ഈ ആഘോഷങ്ങൾ സന്ദേശമാകുന്നു