ദുബായ്: ദുബായിലെ ഇത്തിഹാദ് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടന്ന ഷോറിൻകൈ കപ്പ് ഇന്റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കരാത്തെ കിഡ് മാർഷ്യൽ ആർട്സ് ടീം ഓവറോൾ കിരീടം സ്വന്തമാക്കി. ഇന്ത്യ, യു.എ.ഇ. ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ കരാട്ടെ ക്ലബ്ബുകളിൽ നിന്നുള്ള 500-ലധികം മത്സരാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്.
പുരുഷന്മാർ, സ്ത്രീകൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേക വിഭാഗങ്ങളിലായി മത്സരങ്ങൾ സംഘടിപ്പിച്ചിരുന്നു. നാല് വയസ്സുമുതൽ എഴുപത് വയസ്സുവരെയുള്ള മത്സരാർത്ഥികളാണ് പങ്കെടുത്തത്. അഞ്ചു വേദികളിലായി രാവിലെ 9 മണിക്ക് ആരംഭിച്ച മത്സരങ്ങൾ വൈകിട്ട് 7 മണിയോടെ സമാപിച്ചു.
ലോക കരാട്ടെ ഫെഡറേഷന്റെ അംഗീകൃത റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിച്ചത്. ഷോറിൻ കൈ ജപ്പാൻ വൈസ് പ്രസിഡണ്ട് ഹാൻസി അക്കൈക്കേ ഉദ്ഘാടനം നിർവഹിച്ചു. ഹാൻസി മാർക്ക് ഗ്രേവില്ലേ (ഓസ്ട്രേലിയ), പൗലത്തേ റോസിയോ (ചിലി), ക്യാപ്റ്റൻ ഹസ്സൻ റാഷിദ് എന്നിവർ സമ്മാനദാനം നിർവഹിച്ചു.
മുഹമ്മദ് ഫായിസ്, സി.വി. ഉസ്മാൻ, കോഷി സുനിൽ കുമാർ തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു. അന്താരാഷ്ട്ര തലത്തിൽ നടന്ന ഷോറിൻകൈ കപ്പിൽ 50-ൽ അധികം യുവപ്രതിഭകളാണ് കരാത്തെ കിഡിന്റെ പ്രതിനിധീകരിച്ചത്.