Gulf

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് നാളെ കൊടിയിറക്കം

Published

on

ഷാർജ ∙ അറിവിന്റെ പുതിയ ലോകം തുറന്നിട്ട ഷാർജ രാജ്യാന്തര പുസ്തകമേള നാളെ സമാപിക്കാനിരിക്കെ തിരക്കേറുന്നു. പുസ്തക മേളയെ സജീവമാക്കി ഇന്ത്യൻ പുസ്തകങ്ങളും അണിനിരന്നു. പുസ്തകമേളയിലെ ഹാൾ നമ്പർ 7 മലയാള സാഹിത്യത്തിന്റെ സംഗമ വേദി കൂടിയാണ്.

റൈറ്റേഴ്സ് ഫോറം ഹാളിൽ ഇടവേളകളില്ലാതെ പുതിയ പുസ്തകങ്ങൾ പ്രകാശനം ചെയ്യപ്പെടുന്നു. ഇതിനകം 200 പുസ്തകങ്ങൾ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു. ദിവസം 25 പുസ്തക പ്രകാശനങ്ങളാണ് ഇവിടെ നടക്കുന്നത്. ഒരു പ്രകാശനത്തിന് പരമാവധി ലഭിക്കുന്നത് 25 മിനിറ്റ്.

സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ ഒട്ടേറെ പ്രമുഖരാണ് ദിവസവും പുസ്തകമേളയ്ക്ക് എത്തുന്നത്. ചിത്രമെടുക്കാനും ഓട്ടോഗ്രാഫ് ഒപ്പിടാനും തിരക്കോടു തിരക്ക്. മലയാള പുസ്തകസ്റ്റാളുകളിൽ എഴുത്തുകാർ നേരിട്ട് എത്തി, വായനക്കാരെ കാണുന്നു. വാങ്ങുന്ന പുസ്തകത്തിൽ ഒപ്പിട്ടു സ്നേഹപൂർവം സമ്മാനിക്കുന്നു. കോസ്മോസ് ബുക്ക് സ്റ്റാളിൽ മനോരമ ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ ലഭിക്കും. മലയാള മനോരമ വരിക്കാരാകാനും മനോരമ കലണ്ടർ വാങ്ങാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആദ്യമായി പുസ്തകം പ്രസിദ്ധീകരിച്ചവരും നാട്ടിൽ പ്രകാശനം ചെയ്ത പുസ്തകം ഷാർജയിൽ വീണ്ടും പ്രകാശനം ചെയ്യുന്നവരും അടക്കം മലയാളികളുടെ വാർഷിക സാഹിത്യ ആഘോഷമാണ് അരങ്ങേറുന്നത്. പുസ്തകങ്ങളുടെ ആയിരക്കണക്കിനു കോപ്പികളാണ് വിറ്റഴിയുന്നത്.

ഇന്ത്യൻ എഴുത്തുകാരായ സുധാ മൂർത്തി, ചേതൻ ഭഗത്, അരുന്ധതി റോയ് തുടങ്ങിയവരുടെ പുസ്തകങ്ങൾക്ക് വിവിധ രാജ്യങ്ങളിൽ നിന്നുള്ള വായനക്കാരേറെയാണ്. അരുന്ധതി റോയിയുടെ ഓർമക്കുറിപ്പ് ‘മദർ മേരി കംസ് ടു മി’ വിറ്റുതീർന്നു. പുതിയ സ്റ്റോക്കിനായി കാത്തിരിക്കുകയാണെന്ന് ഡിസി ബുക്സ് അറിയിച്ചു. പുസ്തകങ്ങൾക്ക് 10 മുതൽ 40 ശതമാനം വരെ വിലക്കുറവ് നൽകുന്നുണ്ട്. ഇന്നും നാളെയും വൻ തിരക്കാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. ഇ.പി. ജയരാജന്റെ ആത്മകഥ ‘ഇതാണെന്റെ ജീവിതം’, നടൻ കൃഷ്ണപ്രസാദിന്റെ ‘ഹൃദയപൂർവം കർഷക നടൻ’ തുടങ്ങിയവയാണ് ഈ മേളയിലെ ജനപ്രിയ പുസ്തകങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version