Gulf

വർണ്ണാഭം, ഗംഭീരം: ദുബായ് ജി ഡി ആർ എഫ് എ തൊഴിലാളികൾക്കായി മെഗാ ഈദ് ആഘോഷം സംഘടിപ്പിച്ചു

Published

on

ദുബായ്: എമിറേറ്റിന്റെ വളർച്ചയ്ക്ക് നിർണായക സംഭാവനകൾ നൽകുന്ന വിവിധ മേഖലകളിലെ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (GDRFA ദുബായ്) മെഗാ ഈദ് ആഘോഷം സംഘടിപ്പിച്ചു. കാറുകൾ, സ്വർണ്ണ ബാറുകൾ, റിട്ടേൺ വിമാന ടിക്കറ്റുകൾ, 500 ദിർഹമിന്റെ വൗച്ചറുകൾ എന്നിവയുൾപ്പെടെ ഏകദേശം 5 ലക്ഷം ദിർഹം വിലമതിക്കുന്ന സമ്മാനങ്ങൾ തൊഴിലാളികൾക്കായി ഒരുക്കിയിരുന്നു. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന ഈ രണ്ടുദിവസത്തെ ആഘോഷത്തിൽ 42,000-ൽ അധികം ആളുകൾ പങ്കാളികളായി.

ദുബായിലെ അൽഖൂസ് ഏരിയയിലാണ് പരിപാടി നടന്നത്. “നമുക്കൊരുമിച്ച് ഈദ് ആഘോഷിക്കാം” എന്ന പ്രമേയത്തിലാണ് ആഘോഷച്ചടങ്ങുകൾ സംഘടിപ്പിച്ചത്.ജി ഡി ആർ എഫ് എ – ദുബായ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബായ് എമിറേറ്റ്സിന്റെ വർക്ക് റെഗുലേഷൻ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ കേണൽ ഒമർ മത്വർ അൽ മുസൈന എന്നിവരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ സംബന്ധിച്ചു.

ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഈദ് ആഘോഷത്തിൽ പങ്കെടുത്തു. സംഗീതവും നൃത്ത പരിപാടികളും, കൈനിറയെ സമ്മാനങ്ങളും, സാംസ്കാരിക അവതരണങ്ങളുമെല്ലാം കോർത്തിണക്കി സംഘടിപ്പിച്ച ഈ പരിപാടി, രാജ്യത്തെ പ്രവാസി തൊഴിലാളികളോടുള്ള യുഎഇയുടെ കരുതലിന്റെയും സഹകരണത്തിന്റെയും വേദിയായി മാറി.

ദുബായുടെ വളർച്ചയ്ക്കും വികസനത്തിനും വലിയ സംഭാവനകൾ നൽകുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി സംഘടിപ്പിച്ചതെന്ന് മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു. നന്ദിയുടെയും ഉൾക്കൊള്ളലിന്റെയും മൂല്യങ്ങളോടുള്ള നമ്മുടെ പ്രതിബദ്ധത പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണ് ഈ ആഘോഷമെന്നും, തൊഴിലാളികൾക്ക് ഈദ് ആഘോഷിക്കാനും പരസ്പരം സൗഹൃദം പങ്കുവെക്കാനുമുള്ള അവസരം കൂടിയാണ് ഈ പരിപാടിയെന്നും കേണൽ ഒമർ മത്വർ അൽ മുസൈന വ്യക്തമാക്കി.

പരിപാടിയുടെ വിജയത്തിനായി മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സസ് ആൻഡ് എമിറൈസേഷൻ, ദുബായ് പോലീസ്, ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (DEWA), ദുബായ് മുനിസിപ്പാലിറ്റി, സിവിൽ ഡിഫൻസ്, ദുബായ് കോർപ്പറേഷൻ ഫോർ ആംബുലൻസ് സർവീസസ് തുടങ്ങിയ നിരവധി സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിച്ചു. ഒപ്പം മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഹ്യൂമാനിറ്റേറിയൻ ആൻഡ് ചാരിറ്റി എസ്റ്റാബ്ലിഷ്‌മെന്റ്, ദുബായ് ചാരിറ്റി അസോസിയേഷൻ, ബൈത്ത് അൽ ഖൈർ സൊസൈറ്റി, മായ് ദുബായ്, വീ വൺ, നബാദത്ത് അൽ എമിറേറ്റ്സ് വോളണ്ടിയർ ടീം തുടങ്ങിയ മാനുഷിക സംഘടനകളും പരിപാടിക്ക് പിന്തുണ നൽകി. ബലിപെരുന്നാൾ ദിവസം രാവിലെ തൊഴിലാളികൾക്കായി ഈദ് നിസ്കാരവും ഡയറക്ടറേറ്റ് സംഘടിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version