അബുദാബി∙ യുഎഇ ലോട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ വിജയിയായിട്ടുള്ളത് ഇന്ത്യക്കാരാണ്. മറ്റുള്ളവർ ആകാംക്ഷയോടെ നോക്കാറുള്ള ഈ വിജയത്തിന് പിന്നിൽ മറ്റൊന്നുമല്ല കാരണം, ഏറ്റവും കൂടുതൽ ഭാഗ്യപരീക്ഷണം നടത്താറുള്ളത് ഇന്ത്യക്കാർ തന്നെ. ഒടുവിൽ യുഎഇ ലോട്ടറിയുടെ ഏറ്റവും വലിയ സമ്മാനത്തുകയായ 225 കോടി രൂപ(10 കോടി ദിർഹം)യും സ്വന്തമാക്കിയതും ഇന്ത്യക്കാരൻ തന്നെയായെന്നത് പുതു ചരിത്രം. അബുദാബിയിൽ ജോലി ചെയ്യുന്ന ആന്ധ്രപ്രദേശിലെ മാധവറാവുവിന്റെ മകൻ അനിൽകുമാർ ബൊള്ള(29) ആണ് ഈ ഭാഗ്യശാലി.
ദിവസങ്ങളുടെ സസ്പെൻസിന് ശേഷം ഭാഗ്യശാലിയുടെ പൂർണ വിവരം ഇന്നലെയാണ് അധികൃതർ പുറത്തുവിട്ടത്. ഒക്ടോബർ 18ന് നടന്ന 23-ാമത് ലക്കി ഡേ നറുക്കെടുപ്പിലാണ് (ടിക്കറ്റ് നമ്പർ 251018) അനിൽകുമാർ ചരിത്രം തിരുത്തിക്കുറിച്ചത്. 80 ലക്ഷത്തിൽ ഒരവസരം മാത്രമുള്ള കടമ്പ കടന്നാണ് അനിൽകുമാർ മുഴുവൻ സമ്മാനത്തുകയും സ്വന്തമാക്കിയത്.
സമ്മാനവിവരം അധികൃതർ അറിയിച്ചതുമുതൽ ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് അനിൽകുമാർ കടന്നുപോയത്. പെട്ടെന്ന് ലഭിച്ച ഈ വമ്പൻ തുക എങ്ങനെ ചെലവഴിക്കുമെന്ന് ചിന്തിക്കുന്ന തിരക്കിലാണ് ഇദ്ദേഹമിപ്പോൾ. അദ്ദേഹം തന്റെ ആദ്യത്തെ ആഡംബരമായി തീരുമാനിച്ചിരിക്കുന്നത് ഒരു സൂപ്പർ കാർ വാങ്ങുകയാണ്. കൂടാതെ, ഈ വിജയം മനസ്സിലുറയ്ക്കാൻ സെവൻ സ്റ്റാർ ഹോട്ടലിൽ ഒരു മാസത്തെ താമസവും അദ്ദേഹം പ്ലാൻ ചെയ്തിട്ടുണ്ട്. ഈ തുക എന്റെ ജീവിതം എന്നെന്നേക്കുമായി മാറ്റിമറിക്കും.
പണം വിവേകത്തോടെ എങ്ങനെ നിക്ഷേപിക്കണമെന്ന് ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യാൻ സമയമെടുക്കും. അമ്മയുടെ ജന്മദിനം വന്ന 11-ാം മാസം ഉൾപ്പെടുത്തി തിരഞ്ഞെടുത്ത നമ്പറുകളാണ് ബൊള്ളയെ ഈ ചരിത്ര വിജയത്തിലേക്ക് നയിച്ചത്. ആ നമ്പറുകൾ എനിക്ക് പ്രത്യേകതയുള്ളതായിരുന്നു. അമ്മയ്ക്ക് വേണ്ടി 11 തിരഞ്ഞെടുത്തു. ഇത് ഈ വിജയത്തിന്റെ താക്കോലായി മാറുമെന്ന് ഞാൻ കരുതിയില്ല.
പുതിയ തുടക്കങ്ങളുടെയും പ്രതീക്ഷയുടെയും ഉത്സവമായ ദീപാവലിക്ക് തൊട്ടുമുൻപുള്ള ദിവസമാണ് ഈ വിജയം തേടിയെത്തിയത്. ഇത് അസാധാരണമായ ഒരനുഗ്രഹമായി തോന്നുന്നുവെന്നും ഈ വിജയം കൂടുതൽ അർത്ഥവത്താക്കുന്നുവെന്നും അനിൽകുമാർ പറഞ്ഞു. തന്റെ കഥ സ്വപ്നങ്ങൾ ഒരുനാൾ സത്യമാകുമെന്ന് മറ്റുള്ളവരെ ഓർമിപ്പിക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.