ദുബായ്∙ ജീവിതത്തെ കുറിച്ച് ആകാശത്തോളം സ്വപ്നം കണ്ടാണ് കണ്ണൂർ തില്ലങ്കേരിയിൽ നിന്ന് ജംഷീർ യുഎഇയിലേക്ക് എത്തിയത്.ഇന്ന്, യുഎഇയുടെ ആകാശത്ത് , കൂട്ടുകാരനായ മലപ്പുറം ചേളാരി സ്വദേശി റമീസിനൊപ്പം സ്കൈഡൈവിൽ വെങ്കലമെഡൽ സ്വന്തമാക്കാനായതിന്റെ സന്തോഷത്തിലാണ്. ജൂണിൽ ദുബായിലാണ് സ്കൈഡൈവിന്റെ വേൾഡ് കപ്പ് എന്ന് അറിയപ്പെടുന്ന ജമൈക്ക സൂപ്പർ കപ്പ് നടന്നത്. ആ മത്സരത്തിൽ ഇരുവരുമുൾപ്പെടുന്ന ടീം വെങ്കലമെഡൽ നേടി. 2025 ഫെബ്രുവരിയിൽ ജിസിസിയിലെ മികച്ച സ്കൈ ഡൈവേഴ്സിനെ കണ്ടെത്താനായി കുവൈത്തിൽ നടന്ന മത്സരത്തിൽ ജംഷീർ തണലോട്ടും റമീസ് മുബാറക്കും റഷ്യക്കാരിയായ എലിസബത്തും ഉൾപ്പെടുന്ന ടീം സ്വർണം നേടിയിരുന്നു.
അന്ന് 1500 ദിർഹം ശമ്പളം, ഇന്ന് കയ്യെത്തിപ്പിടിച്ച ആകാശചാട്ടം
15 വർഷങ്ങൾക്ക് മുൻപ് കണ്ണൂർ തില്ലങ്കേരിയിൽ നിന്ന് 1500 ദിർഹം മാസശമ്പളക്കാരനായി യുഎഇയിലേക്ക് വിമാനം കയറുമ്പോൾ ജംഷീറിന്റെ വിദൂരസ്വപ്നങ്ങളിൽ പോലും സ്കൈ ഡൈവ് ഉണ്ടായിരുന്നില്ല. ആദ്യ വർഷങ്ങളിൽ അലൈനിൽ സെയിൽസ് മാനായാണ് ജോലി ചെയ്തിരുന്നത്. അന്നൊരുനാളിൽ, 2014 ൽ അലൈനിൽ നിന്നും ദുബായിലേക്ക് യാത്ര ചെയ്യുന്ന സമയത്താണ് ആദ്യമായി സ്കൈ ഡൈവ് ചെയ്യുന്നത് ശ്രദ്ധയിൽ പെടുന്നത്. താൽപര്യത്തോടെ അതേകുറിച്ച് അന്വേഷിച്ചു. എന്നാൽ 1500 ദിർഹം മാസശമ്പളമുളള ഒരാൾക്ക് എത്തിപ്പിടിക്കാവുന്നതിനും അപ്പുറമാണ് സ്കൈ ഡൈവിന്റെ ചെലവുകൾ എന്നു മനസ്സിലായി. എങ്കിലും ആഗ്രഹം കൈവിട്ടില്ല. എന്നെങ്കിലുമൊരിക്കൽ അവരെപ്പോലും താനും പറക്കുമെന്ന് മനസ്സിലുറപ്പിച്ചിരുന്നു ജംഷീർ. പിന്നീട് സ്വന്തമായി ബിസിനസ് തുടങ്ങിയപ്പോൾ, സാമ്പത്തിക ഭദ്രതയിലേക്ക് വന്നപ്പോൾ, പറക്കാനുളള ആഗ്രഹത്തിലേക്ക് ജംഷീർ ചിറകുവിരിച്ചു.
എല്ലാം ഒരു സ്വപ്നം പോലെ തോന്നുന്നു, ഒരിക്കലും എത്തിപ്പിടിക്കാൻ കഴിയാത്ത ഉയരത്തിൽ പറന്ന് രണ്ട് പുരസ്കാരങ്ങൾ, സ്വപ്നം തന്നെ, ജംഷീർ പറയുന്നു. കുട്ടിക്കാലത്ത് പല കാര്യങ്ങൾക്കും പേടിയുളളയാളായിരുന്നു താൻ. അതുമറികടക്കാനായി ബങ്കി ജംപ്, ഫ്ളൈ ബോർഡ് ഉൾപ്പടെയുളള വിവിധ സാഹസിക പ്രവൃത്തികൾ ചെയ്യാറുണ്ടായിരുന്നു. 2019 ലാണ് ആദ്യമായി ടാൻറം ജംപ് ചെയ്യുന്നത്. പിന്നീട് അതൊരു ഹോബിയായി. 2022 ൽ ദുബായിലാണ് ആദ്യ സ്കൈ ഡൈവ് ചെയ്യുന്നത്. 3 വർഷത്തിനിടെ നടത്തിയത് 308 ജംപുകളാണ്.
ദുബായിൽ സ്കൈ ഡൈവ് പരിശീലനത്തിലാണ് റമീസിനെ പരിചയപ്പെടുന്നത്. മൂന്ന് വർഷത്തിനിടെ സൗഹൃദം ആത്മബന്ധമായി. ഇരുവരുമൊന്നിച്ച് ഒരു ടീമായാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ടെക്നിക്കൽ മാനേജരായി ജോലി ചെയ്യുന്ന റമീസ് നേരത്തെയും സാഹസിക കായികഭ്യാസങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു. ഒരൊറ്റത്തവണ ചെയ്യണമെന്ന ആഗ്രഹത്തിലാണ് സ്കൈഡൈവ് ചെയ്യുന്നത്. എന്നാൽ ഒരുതവണ ചെയ്തതോടെ വീണ്ടും വീണ്ടും ചെയ്യാൻ താൽപര്യമായി. ഇപ്പോൾ 500 ലധികം ജംപുകൾ റമീസ് പൂർത്തിയാക്കികഴിഞ്ഞു.