അബുദാബി ∙ വീസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 161 പ്രവാസികളെ യുഎഇ നാടുകടത്താൻ ഉത്തരവിട്ട് ദുബായ് സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി കോടതി. ഇവർക്ക് 152.24 ദശലക്ഷം ദിർഹം (ഏകദേശം 344 കോടിയിലേറെ രൂപ) പിഴ ചുമത്താനും കോടതി വിധിച്ചു.
വീസ നിയമലംഘനങ്ങൾ നടത്തിയ 161 പേർക്കെതിരെയാണ് കോടതിയുടെ ഈ ചരിത്രപരമായ നടപടി. ദുബായ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന തട്ടിപ്പുകൾ പുറത്തുവന്നത്. പ്രതികൾ സ്പോൺസർ ചെയ്തിരുന്ന ജീവനക്കാരുടെ റെസിഡൻസി സ്റ്റാറ്റസ് നിയമപരമാക്കാതെ സ്ഥാപനങ്ങൾ പൂട്ടി. അതുകൂടാതെ, പ്രവേശനാനുമതികളും ഇവർ അനധികൃതമായി വിൽക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തതായി കണ്ടെത്തി.
തട്ടിപ്പുകാർക്ക് കർശനമായ ശിക്ഷ നൽകിക്കൊണ്ട് യുഎഇയുടെ തൊഴിൽ, റെസിഡൻസി സംവിധാനങ്ങളുടെ വിശ്വാസ്യത കാത്തുസൂക്ഷിക്കാനുള്ള ദുബായുടെ പ്രതിജ്ഞാബദ്ധതയാണ് ഈ വിധിയിലൂടെ തെളിയിക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി. വീസ ദുരുപയോഗം ചെയ്യുകയോ താമസ നിയമങ്ങൾ ലംഘിക്കുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ ഏറ്റവും വലിയ വrസ തട്ടിപ്പ് സംഘങ്ങളിലൊന്നിനെ അടുത്തിടെ ദുബായ് സിറ്റിസൺഷിപ് ആൻഡ് റെസിഡൻസി കോടതി പിടികൂടിയിരുന്നു. 21 പേർ ഉൾപ്പെട്ട ഈ സംഘം, വ്യാജ മേൽവിലാസങ്ങളിൽ 33 സാങ്കൽപ്പിക കമ്പനികൾ സ്ഥാപിച്ച് 385 റെസിഡൻസി വീസകൾ നിയമവിരുദ്ധമായി നേടിയെടുക്കുകയും അവ മറ്റുള്ളവർക്ക് വിൽക്കുകയും ചെയ്തു. ഈ കേസിൽ 25.2 ദശലക്ഷം ദിർഹം പിഴ ചുമത്തുകയും 21 പ്രതികളെയും നാടുകടത്താനും കോടതി ഉത്തരവിട്ടു.
തൊഴിലുടമകൾ ജീവനക്കാരുടെ റെസിഡൻസി, തൊഴിൽ സ്റ്റാറ്റസുകൾ കൃത്യമായി നിയമവിധേയമാക്കണം എന്ന് യുഎഇ തൊഴിൽ നിയമം വ്യക്തമാക്കുന്നു. ഈ നിയമം ലംഘിക്കുന്നവർക്ക് പിഴ, സ്ഥാപനങ്ങൾ അടച്ചുപൂട്ടൽ, നാടുകടത്തൽ തുടങ്ങിയ ശിക്ഷകളാണ് ലഭിക്കുക.
നിയമപരമായ മുന്നറിയിപ്പുകൾ അവഗണിച്ച് ജീവനക്കാരെ ജോലിക്ക് വയ്ക്കുകയോ വീസ തട്ടിപ്പ് നടത്തുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്‌സ് മുന്നറിയിപ്പ് നൽകി. ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും യുഎഇയുടെ തൊഴിൽ, റെസിഡൻസി സംവിധാനത്തിന്റെ സുതാര്യത ഉറപ്പാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടികൾ.