അബുദാബി ∙ യുഎഇയിൽ നവംബർ 3 മുതൽ 7 വരെ അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻസിഎം) മുന്നറിയിപ്പ് നൽകി. ഈ ദിവസങ്ങളിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമായിരിക്കും. ചില സമയങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കാൻ സാധ്യതയുണ്ട്. ശരത്കാലത്തിൽ നിന്ന് ശൈത്യകാലത്തിലേക്കുള്ള മാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണം. ചില ദിവസങ്ങളിൽ താപനിലയിൽ നേരിയ കുറവുണ്ടാകും.
പ്രത്യേകിച്ചും പടിഞ്ഞാറൻ, തീരദേശ മേഖലകളിലാണ് മേഘങ്ങൾ കൂടുതൽ രൂപപ്പെടാൻ സാധ്യത. ഇത് പലയിടത്തും ഒറ്റപ്പെട്ട മഴയ്ക്ക് വഴിയൊരുക്കും. കാറ്റ് ഇടയ്ക്ക് ശക്തമാകാൻ സാധ്യതയുള്ളതിനാൽ കടൽ പൊതുവെ ശാന്തമായോ ഇടത്തരം നിലയിലോ ആയിരിക്കും. മണിക്കൂറിൽ 10–25 കിലോമീറ്റർ വേഗത്തിൽ വീശുന്ന കാറ്റ് ചില സമയങ്ങളിൽ 40 കിലോമീറ്റർ വരെ വേഗം കൈവരിക്കാം. കാറ്റിന്റെ ദിശ വടക്കുപടിഞ്ഞാറൻ, തെക്കുകിഴക്കൻ ദിശകളിലേക്ക് മാറാൻ സാധ്യതയുണ്ട്. അറബിക്കടലിലും ഒമാൻ ഉൾക്കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. കൂടാതെ, തീരദേശ, ഉൾപ്രദേശങ്ങളിൽ പ്രഭാതസമയങ്ങളിൽ ഈർപ്പം അനുഭവപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.