ഫുജൈറ: യുഎഇയില്‍ വാഹനാപകടത്തില്‍ ഒരു മരണം. നാലുപേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം ഘുബ്ബ് ഇൻ്റേണൽ റോഡില്‍ രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടസ്ഥലത്ത് വെച്ച് തന്നെ യാത്രക്കാരനായ എമിറാത്തി യുവാവിന് ജീവന് നഷ്ടപ്പെട്ടു. ഫുജൈറ പോലീസിലെ ട്രാഫിക് ആൻഡ് പട്രോൾസ് ഡിപ്പാർട്ട്മെൻ്റ് ഡയറക്ടർ കേണൽ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ധൻഹാനി സംഭവം സ്ഥിരീകരിച്ചു. റോഡ് സുരക്ഷിതമാണെന്ന് ഉറപ്പാക്കാതെ ഒരു വാഹനം പ്രധാന റോഡിലേക്ക് പ്രവേശിച്ചതാണ് കൂട്ടിയിടിക്ക് കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. വിവരം ലഭിച്ച ഉടൻ തന്നെ പട്രോൾ യൂണിറ്റുകളും നാഷണൽ ആംബുലൻസും സ്ഥലത്തെത്തി.
ചികിത്സയ്ക്കായി ദിബ്ബ ആശുപത്രിയിലേക്ക് മാറ്റുകയും മരിച്ചയാളുടെ മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. അപകടത്തെക്കുറിച്ച് നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനായി അധികൃതർ കേസ് ഏറ്റെടുത്തിട്ടുണ്ട്. വൈകുന്നേരങ്ങളിലും വാരാന്ത്യങ്ങളിലും ഗതാഗതത്തിരക്ക് വർധിക്കുന്ന ആഭ്യന്തര റോഡുകളിൽ വാഹനമോടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഫുജൈറ പോലീസ് ആവശ്യപ്പെട്ടു.