ദുബായ്ൻ : ജൂണിൽ ഇസ്രയേലും യുഎസും നടത്തിയ 12 ദിവസം നീണ്ട ആക്രമണത്തിന് ശേഷം മേഖലയിൽ വീണ്ടും പ്രകോപനം സൃഷ്ടിച്ച് ഇറാൻ. യുഎഇയിലെ അജ്മാനിൽ നിന്ന് സിംഗപ്പൂരിലേക്ക് പോവുകയായിരുന്ന ഒരു എണ്ണക്കപ്പൽ ഹോർമുസ് കടലിടുക്കിൽവെച്ച് ഇറാൻ പിടിച്ചെടുത്തതായി യുഎസ് പ്രതിരോധ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാർഷൽ ഐലൻഡ്‌സ് രജിസ്‌ട്രേഷനുള്ള ‘ടലാറ’ (Talara) എന്ന കപ്പലാണ് ഇറാൻ സേന പിടിച്ചെടുത്തത്. എന്നാൽ, ഇറാൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. യുഎഇയിലെ ഹമ്‌റിയ ആഴക്കടൽ തുറമുഖത്തുനിന്ന് സൾഫർ ഗ്യാസോയിൽ കയറ്റിപ്പോവുകയായിരുന്നു ടലാറ. ഹോർമുസ് കടലിടുക്കിൽ നിന്ന് ഗൾഫ് ഓഫ് ഒമാനിലേക്ക് നീങ്ങുമ്പോഴാണ് ഇറാന്റെ സൈനിക ഇടപെടലുണ്ടായത്. യുഎഇയിലെ ഖോർ ഫാക്കനിൽ നിന്ന് കേവലം 20 നോട്ടിക്കൽ മൈൽ മാത്രം അകലെയാണ് സംഭവം. കപ്പൽ അന്താരാഷ്ട്ര കപ്പൽപാതയിലായിരുന്നെന്നും ഇറാൻ സേനയാണ് പിടിച്ചെടുത്തതെന്നും യുഎസ് പ്രതിരോധ സേന ആരോപിച്ചു. കപ്പൽ തട്ടിയെടുത്ത നടപടി ഇറാൻ ഭരണകൂടത്തിന്റെ അറിവോടെയാണെന്ന് ബ്രിട്ടീഷ് സൈന്യത്തിന് കീഴിലുള്ള യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷൻസും ആരോപണമുയർത്തി.
ഇറാന്റെ ഈ പുതിയ നടപടി മധ്യേഷ്യയിൽ നിന്ന് ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽ നീക്കങ്ങളെയും ആഗോള ക്രൂഡ് ഓയിൽ വ്യാപാരത്തെയും സാരമായി ബാധിച്ചേക്കുമെന്ന ആശങ്ക ശക്തമാണ്. മേഖലയെ വീണ്ടും ഇറാൻ ഒരു യുദ്ധസമാന സാഹചര്യത്തിലേക്ക് നയിക്കുകയാണെന്ന നിരീക്ഷണങ്ങളുമുണ്ട്. ഇറാന്റെ പിന്തുണയോടെ ഹൂതികൾ ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾ നിലവിൽ കപ്പൽ നീക്കത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ഇതിനിടയിൽ, ലോകത്തെ സുപ്രധാന എണ്ണക്കടത്തുപാതയായ ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നേരിട്ടുള്ള പ്രകോപനം കൂടുതൽ ഗുരുതരമായ തിരിച്ചടിയായേക്കും. ആണവായുധ നിർമ്മാണം ആരോപിച്ച് ജൂണിൽ ഇസ്രയേലും യുഎസും ആക്രമണം നടത്തിയപ്പോൾ ഹോർമുസ് അടച്ചിടുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. അത്തരം തീരുമാനം സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാഷ്ട്രങ്ങൾക്ക് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് അന്ന് മുന്നറിയിപ്പ് നൽകിയിരുന്നു. മധ്യേഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിൽ നീക്കത്തിന്റെ വലിയൊരു ഭാഗം കടന്നുപോകുന്നത് ഹോർമുസ് വഴിയാണ്.