ദുബായ് ∙ ദുബായ് അൽ ബർഷയിലെ 14 നില കെട്ടിടത്തിലുണ്ടായ തീപിടിത്തം ദുബായ് സിവിൽ ഡിഫൻസ് സംഘം നിയന്ത്രണ വിധേയമാക്കി. ദുബായ് സിവിൽ ഡിഫൻസിന്റെ അത്യാധുനിക ‘ഷഹീൻ’ ഡ്രോണുകളും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഇന്നലെ ഉച്ചയ്ക്ക് 2.11നായിരുന്നു മാൾ ഓഫ് എമിറേറ്റ്സിനടുത്തുള്ള കെട്ടിടത്തിൽ തീപിടിത്തമുണ്ടായത്.
1200 ലീറ്റർ വെള്ളം സംഭരിക്കാൻ ശേഷിയുള്ള ടാങ്കർ ഘടിപ്പിച്ച ഡ്രോണാണ് 200 മീറ്റർ വരെ ഉയരത്തിലേക്കു കുതിച്ചെത്തി തീ കെടുത്തിയത്. നാലാം നിലയിൽ നിന്നാണ് തീ പടർന്നതെന്നാണ് റിപ്പോർട്ട്. ആളപായമില്ല. വിവരമറിഞ്ഞ് ആറ് മിനിറ്റിനുള്ളിൽ അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. താമസക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിപാർപ്പിച്ചു. ശീതീകരണ ജോലി പൂർണമായാൽ താമസക്കാരെ തിരിച്ചെത്തിക്കും.