Gulf

മുറിഞ്ഞ കേബിൾ അറ്റകുറ്റപ്പണി യുഎഇയിൽ 6 ആഴ്ച ഇന്റർനെറ്റ് തടസ്സപ്പെടും

Published

on

ദുബായ് ∙ ചെങ്കടലിൽ മുറിഞ്ഞ കേബിൾ അറ്റകുറ്റപ്പണി കാരണം 6 ആഴ്ചത്തേക്ക് യുഎഇയിൽ ഇന്റർനെറ്റ് സേവനത്തിനു തടസ്സം നേരിട്ടേക്കും. ആഗോള തലത്തിലെ ഡേറ്റാ കൈമാറ്റത്തിന്റെ 95 ശതമാനത്തിലേറെയും സമുദ്രത്തിന് അടിയിലൂടെയുള്ള സബ്സീ കേബിളുകളിലൂടെയാണ് എന്നതിനാൽ ഇവയെ ആശ്രയിക്കുന്ന രാജ്യങ്ങളിലെല്ലാം ഇന്റർനെറ്റിന്റെ വേഗം കുറയും.

സൗദി അറേബ്യയിലെ ജിദ്ദക്ക് സമീപമുള്ള സീ-മി, വി-4, ഐഎംഇഡബ്യുഇ കേബിളുകളുമായും കുവൈത്തിലൂടെ കടന്നുപോകുന്ന ഫാൽക്കൺ ജിസിഎക്സ് കേബിളുമായും ബന്ധപ്പെട്ടതാണ് തകരാറുകൾ. ഇവ ഏഷ്യ, മിഡിൽ ഈസ്റ്റ്, യൂറോപ്പ് എന്നിവയെ ബന്ധിപ്പിക്കുന്ന നിർണായക ഇടനാഴി കൂടിയാണ്. ഒരേ ഇടനാഴിയിലുള്ള വ്യത്യസ്ത തകരാറുകൾ പ്രശ്നപരിഹാരം കൂടുതൽ സങ്കീർണമാക്കുന്നു. കേടുപാടുകൾ കൃത്യമായി കണ്ടെത്തി പരിഹരിക്കുന്നതിന് ആഴ്ചകൾ എടുക്കും.

ബദൽ സംവിധാനവുമായി ഈ കേബിളുകൾ ബന്ധപ്പെടുത്തുന്നതുവരെ ഇന്റർനെറ്റിന്റെ സ്പീഡ് കുറയുമെന്നാണ് റിപ്പോർട്ട്. യുഎഇയിൽ ഏതാനും ദിവസമായി ഇന്റർനെറ്റ് സ്പീഡ് കുറവാണ്. ഇന്ത്യയും യൂറോപ്പും തമ്മിലുള്ള കണക്ഷനുകളിൽ 30% വരെ കാലതാമസം ഉണ്ടായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്.

ഇന്റർനെറ്റ് മന്ദഗതിയിലാകുന്നതോടെ വിവിധ കമ്പനികളുടെ പ്രവർത്തനത്തെ സാരമായി ബാധിച്ചേക്കും. ബിസിനസിനു പുറമെ വ്യക്തിപരമായ വിഡിയോ കോളുകളെയും ഇതു തടസ്സപ്പെടുത്തും. സാധാരണ സേവനം പുനരാരംഭിക്കുന്നതുവരെ ഉപഗ്രഹ സംവിധാനം ഉൾപ്പെടെ മറ്റു ബദൽ സംവിധാനം ആശ്രയിക്കാനാണ് വിദഗ്ധരുടെ നിർദേശം.

 

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version