വോട്ടുകൊള്ള ആരോപണത്തിനു പിന്നാലെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്കെതിരെ ഇംപീച്ച്മെന്റ് ആയുധം പ്രയോഗിക്കാൻ പ്രതിപക്ഷ നീക്കം ആരംഭിച്ചതായി റിപ്പോർട്ട്. ഇതുസംബന്ധിച്ച് ‘ഇന്ത്യ’ മുന്നണിയിൽ ആലോചനകൾ തുടങ്ങി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും ചില സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിലും വോട്ടർ പട്ടികയിൽ വ്യാപകമായ കൂട്ടിച്ചേർക്കലുകൾ നടന്നതായി വാർത്താസമ്മേളനം നടത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ഇതിന് മറുപടിയുമായി കഴിഞ്ഞ ദിവസം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറും വാർത്താസമ്മേളനം നടത്തി.
എല്ലാ പാർട്ടികളും ഒരുപോലെ, തിരഞ്ഞെടുപ്പ് കമ്മിഷനെ വിരട്ടേണ്ട; കേരളത്തിലേതടക്കം എല്ലാം അടിസ്ഥാനരഹിത ആരോപണം’
രാജ്യത്ത് തിരഞ്ഞെടുപ്പ് സുതാര്യമായിട്ടാണ് നടത്തപ്പെടുന്നതെന്നും കമ്മിഷന്റെ തോളിൽ തോക്കു വച്ച് വോട്ടർമാരെ ലക്ഷ്യമിട്ടു രാഷ്ട്രീയം കളിക്കുന്നത് അനുവദിക്കില്ലെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ മുന്നറിയിപ്പ് നൽകിയിരുന്നു. ഒപ്പം വോട്ടുകൊള്ള സംബന്ധിച്ച ആരോപണത്തിൽ സത്യവാങ്മൂലം നൽകണമെന്നും അല്ലെങ്കിൽ മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഇംപീച്ച്മെന്റ് കൊണ്ടുവരാൻ കോൺഗ്രസ് നേതൃത്വത്തിൽ പ്രതിപക്ഷം നീക്കം ആരംഭിച്ചത്.