മാലിയിലെ സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന മൂന്ന് ഇന്ത്യൻ പൗരന്മാരെ നിരോധിത ഭീകര സംഘടനയായ അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഭീകരർ തട്ടിക്കൊണ്ടുപോയതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. പടിഞ്ഞാറൻ മാലിയിലെ കെയ്‌സിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിലാണ് ഒരു സംഘം ആയുധധാരികളെത്തി ആക്രമണം നടത്തിയത്. തോക്കുധാരികൾ സ്ഥാപനത്തിലേക്ക് അതിക്രമിച്ചു കയറി തൊഴിലാളികളെ ബന്ദികളാക്കുകയായിരുന്നു. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി.
ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതവും മോചനവും ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ വിദേശകാര്യ മന്ത്രാലയം മാലി സർക്കാരിനോട് ആവശ്യപ്പെട്ടു. ‘‘ഈ നിന്ദ്യമായ അക്രമത്തെ ഇന്ത്യൻ സർക്കാർ അപലപിക്കുന്നു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരന്മാരെ സുരക്ഷിതമായും വേഗത്തിലും മോചിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ റിപ്പബ്ലിക് ഓഫ് മാലി സർക്കാരിനോട് ആവശ്യപ്പെടുന്നു” – വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.