Gulf

മാജിക് മഷി ഉപയോഗിച്ച് തട്ടിപ്പ് ദുബായിൽ പ്രവാസി അറസ്റ്റിൽ

Published

on

ദുബായ് ∙ മാജിക് മഷി’ ഉപയോഗിച്ച് ബാങ്ക് വായ്പയുടെ പേരിൽ ആളുകളെ കബളിപ്പിച്ച് പണം തട്ടിയ ഒരാളെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്തു. ഏഷ്യൻ വംശജനായ ഇയാൾ യുഎഇയിലെ പ്രമുഖ ബാങ്കിലെ ജീവനക്കാരനാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഒട്ടേറെ പേരെ കബളിപ്പിച്ചത്.

വായ്പ ശരിയാക്കി നൽകാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാൾ ഇരകളെ സമീപിച്ചിരുന്നത്. യഥാർഥ ബാങ്ക് ലോൺ അപേക്ഷകൾക്ക് സമാനമായ രേഖകളാണ് ഇരകൾക്ക് നൽകിയിരുന്നത്. എന്നാൽ, വായ്പയുടെ വിവരങ്ങളും തുകയും ‘മാജിക് മഷി’ ഉപയോഗിച്ചാണ് രേഖകളിൽ രേഖപ്പെടുത്തിയിരുന്നത്. ഈ രേഖകളിൽ ഇരകളെക്കൊണ്ട് ഒപ്പിടീച്ച ശേഷം ഫയൽ ബാങ്കിൽ സമർപ്പിക്കാനെന്ന വ്യാജേന ഇയാൾ കൊണ്ടുപോയിരുന്നു.

എന്നാൽ ‘മാജിക് മഷി’ ഉപയോഗിച്ചെഴുതിയ വിവരങ്ങൾ കുറച്ച് സമയത്തിനകം മാഞ്ഞുപോകുന്ന സ്വഭാവമുള്ളതാണ്. അങ്ങനെ രേഖകൾ വെറും ഒഴിഞ്ഞ പേപ്പറുകളായി മാറും. പിന്നീട്, വായ്പ തിരിച്ചടയ്ക്കുന്നതിന്റെ ഭാഗമായി ചെക്ക് നൽകാൻ ഇയാൾ ഇരകളോട് ആവശ്യപ്പെടും. ഈ ചെക്കിൽ തട്ടിപ്പുകാരുടെ പേരും തുകയുമെല്ലാം ‘മാജിക് മഷി’ ഉപയോഗിച്ച് എഴുതിച്ച ശേഷം ഇരകളെക്കൊണ്ട് സാധാരണ പേനകൊണ്ട് ഒപ്പിടീക്കും.

ഇതോടെ, ഇരകൾക്ക് അറിയാതെ അവരുടെ അക്കൗണ്ടിൽ നിന്ന് പണം തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്ക് മാറ്റപ്പെടുകയാണ് ചെയ്യുന്നത്.പുതിയ തട്ടിപ്പ് രീതി ദുബായ് പൊലീസിനെ പോലും അമ്പരപ്പിച്ചു. ഒട്ടേറെ പേർക്ക് ലക്ഷക്കണക്കിന് ദിർഹമാണ് ഈ തട്ടിപ്പിലൂടെ നഷ്ടമായത്. ബാങ്കിലെ ജീവനക്കാരനാണെന്ന് വിശ്വസിപ്പിക്കാൻ വ്യാജ തിരിച്ചറിയൽ കാർഡുകളും ഇയാൾ ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.

തട്ടിപ്പിനിരയായവരുടെ പരാതികളെ തുടർന്നാണ് പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ പിടികൂടുകയും ചെയ്തത്. ഇത്തരത്തിലുള്ള തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ദുബായ് പൊലീസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. സംശയകരമായ സാഹചര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ പൊലീസുമായി ബന്ധപ്പെടാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version