ഷാർജ∙ മരുഭൂമിയിൽ മോട്ടർസൈക്കിൾ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ യുവാവിനെ വ്യോമമാർഗം രക്ഷപ്പെടുത്തി ഷാർജ പൊലീസ്. അൽ മദാം നഗരത്തിലെ റാഫദ മരുഭൂമിയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. മോട്ടർസൈക്കിൾ മറിഞ്ഞതായി രാവിലെ 7.09ന് ഷാർജ പൊലീസ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചു. ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിനുള്ള സംഘത്തെ അവിടേക്ക് അയച്ചു. യുഎഇ നാഷനൽ ഗാർഡിന്റെ നാഷനൽ സെർച്ച് ആൻഡ് റെസ്‌ക്യൂ സെന്ററുമായി സഹകരിച്ചാണ് പൊലീസ് രക്ഷാപ്രവർത്തനം നടത്തിയത്.
രക്ഷാപ്രവർത്തകർ, പരുക്കേറ്റ യുവാവിനെ നാഷനൽ ഗാർഡിന്റെ ഹെലികോപ്റ്ററിൽ കയറ്റി അൽ ദായിദ് ആശുപത്രിയിൽ എത്തിച്ചു. സമയബന്ധിതമായ ഇടപെടൽ കാരണം യുവാവിന്റെ ജീവൻ രക്ഷിക്കാനായി. ഇദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മരുഭൂമിയിൽ വിനോദയാത്രകൾക്ക് പോകുന്നവർ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ഷാർജ പൊലീസ് മുന്നറിയിപ്പ് നൽകി. നിർദ്ദേശങ്ങൾ അവഗണിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാകും. കൂടാതെ, അടിയന്തര സഹായം വേഗത്തിൽ എത്താൻ സാധ്യതയില്ലാത്ത ദുർഘടമായ പ്രദേശങ്ങളിൽ സാഹസിക യാത്രകൾ ഒഴിവാക്കണമെന്നും പൊലീസ് അഭ്യർഥിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 999 എന്ന നമ്പറിലും പൊതുവായ അന്വേഷണങ്ങൾക്കും മറ്റ് റിപ്പോർട്ടുകൾക്കും 901 എന്ന നമ്പറിലും ബന്ധപ്പെടാം