ഭാര്യയെയും മകനെയും വിമാനത്താവളത്തിൽ നാട്ടിലേക്ക് യാത്രയാക്കി താമസസ്ഥലത്ത് തിരിച്ചെത്തിയ മലയാളി യുവാവ് കുഴഞ്ഞുവീണു മരിച്ചു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശിയായ ഹരിരാജ് സുദേവൻ (37) ആണ് മരിച്ചത്. അബുദാബി ഇൻ്റർനാഷനൽ ഡെവലപ്‌മെൻ്റ് കമ്പനിയിൽ മെക്കാനിക്കൽ എൻജിനീയറായിരുന്നു ഹരിരാജ്. ഭാര്യ അനു അശോകിനെയും ഏകമകൻ ഇഷാനെയും നാട്ടിലേക്ക് യാത്രയാക്കിയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയ ഉടനെയാണ് കുഴഞ്ഞുവീണത്.
കുഴഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ ഉടൻ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എം.വി. സുദേവൻ, ബീനാ സുദേവൻ എന്നിവരാണ് മാതാപിതാക്കൾ. ഭാര്യ അനു അശോക് ഇന്ത്യൻ റെയിൽവേയിലെ ഡോക്ടറാണ്. ഇഷാൻ ഏക മകനാണ്. മൃതദേഹം നാട്ടിലെത്തിച്ച് ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.