ദുബായ്∙ റിയൽ എസ്റ്റേറ്റ് മേഖലയിൽ ‘ബോച്ചോ ഹോംസ്’ എന്ന പേരിൽ പുതിയ പദ്ധതിയുമായി പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ ബോബി ചെമ്മണ്ണൂർ ഇന്റർനാഷനൽ ഗ്രൂപ്പ്. സിബിൽ സ്കോർ ഇല്ലാത്തവർക്കും 10 ശതമാനം നിക്ഷേപം മാത്രം നടത്തി വീട് സ്വന്തമാക്കാൻ അവസരം നൽകുന്നതാണ് ഈ പദ്ധതി. ‘റെന്റ് ടു ഓൺ ‘ എന്ന പേരിൽ അവതരിപ്പിച്ച ഈ പദ്ധതി പ്രകാരം, പ്രതിമാസ വാടക നൽകി ഒരു നിശ്ചിത സമയത്തിനുള്ളിൽ വീടിന്റെ ഉടമസ്ഥാവകാശം നേടാനാകും. ഇഎംഐയോ പലിശയോ നൽകാതെ ആർക്കും വീട് സ്വന്തമാക്കാൻ ഈ പദ്ധതി അവസരം നൽകുമെന്ന് ബോബി ചെമ്മണ്ണൂർ പറഞ്ഞു. യുഎഇയിലെ സാധാരണക്കാരായ പ്രവാസികൾക്ക് ഏറെ ഗുണകരമാകുന്ന പദ്ധതിയായിരിക്കും ഇത്.
ഇതടക്കം ബോബി ചെമ്മണ്ണൂർ ഇന്റർനാഷനൽ ഗ്രൂപ്പ് പ്രവാസികൾക്കായി മികച്ച നിക്ഷേപ പങ്കാളിത്ത പദ്ധതികൾ പ്രഖ്യാപിച്ചു. ജ്വല്ലറി, ട്രാവൽസ്, റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകളിലാണ് നിക്ഷേപം നടത്താൻ അവസരം ഒരുക്കുന്നത്. ദുബായിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഗ്രൂപ്പ് ചെയർമാൻ ബോബി ചെമ്മണ്ണൂരാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്.
ബോച്ചോ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്’, ‘ബോച്ചോ ഹോംസ്’ എന്നീ പദ്ധതികൾ കൂടാതെ റിയൽ എസ്റ്റേറ്റ്, ടൂറിസം മേഖലകളിലെ വിവിധ സംരംഭങ്ങളിലും നിക്ഷേപകർക്ക് പങ്കാളികളാകാം. ഈ നിക്ഷേപങ്ങൾക്ക് 18 ശതമാനം വരെ ലാഭവിഹിതമാണ് ഗ്രൂപ്പ് വാഗ്ദാനം ചെയ്യുന്നത്. നിലവിലുള്ള 56 ‘ബോബി ചെമ്മണ്ണൂർ ഇന്റർനാഷനൽ ജ്വല്ലേഴ്‌സ്’ ഷോറൂമുകൾക്ക് പുറമെ ‘ബോച്ചോ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ്’ എന്ന പുതിയ ബ്രാൻഡിൽ വിവിധ രാജ്യങ്ങളിലായി 100 പുതിയ ജ്വല്ലറി ഷോറൂമുകൾ തുറക്കും. ഇന്ത്യ, ജിസിസി രാജ്യങ്ങൾ, യുഎസ്, കാനഡ, യുകെ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക എന്നിവിടങ്ങളിലായിരിക്കും പുതിയ ഷോറൂമുകൾ പ്രവർത്തനം ആരംഭിക്കുക. കുറഞ്ഞ ചെലവിൽ ലൈറ്റ് വെയിറ്റ് ആഭരണങ്ങൾ ലഭ്യമാക്കുക എന്നതാണ് പുതിയ ബ്രാൻഡിന്റെ പ്രധാന ലക്ഷ്യം. 2026.
പ്രവർത്തനം ആരംഭിക്കുന്ന ഹോട്ടലുകൾ, ഷോപ്പിങ് മാളുകൾ, ഓഡിറ്റോറിയം, ബോച്ചെ ഐലൻഡ്, റിസോർട്ടുകൾ, പബ്ബുകൾ തുടങ്ങിയ ടൂറിസം സംരംഭങ്ങളിലും പ്രവാസികൾക്ക് നിക്ഷേപകരാകാം. കൂടാതെ, ‘ബോബി ചെമ്മണ്ണൂർ ട്രാവൽസ്’ വഴി വിമാന ടിക്കറ്റ് എടുക്കുന്നവർക്ക്, ടിക്കറ്റ് തുകയ്ക്ക് തുല്യമായ മറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന ആകർഷകമായ മറ്റൊരു നിക്ഷേപ പദ്ധതിയും ഗ്രൂപ്പ് അവതരിപ്പിച്ചു.