ബോംബ്പോലെ പൊട്ടിത്തെറിച്ച് ഒരു ബഹിരാകാശ ദൗത്യം.സ്പേസ് എക്സ് ചെലവ് 43,000 കോടി രൂപയിലേറെ? ടെക്സസിലെ പരീക്ഷണത്തിനിടെയാണ് സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത്. പദ്ധതിയിട്ടിരുന്ന പത്താമത്തെ ബഹിരാകാശ ദൗത്യം സ്പേസ് എക്സ് നിർത്തലാക്കി
ടെക്സാസിലെ പരീക്ഷണത്തിനിടെ ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചത് ബഹിരാകാശ ദൗത്യ നിരീക്ഷകരെ ഞെട്ടിച്ചു. സ്റ്റാർബേസിൽ നടന്ന പരീക്ഷണത്തിനിടെയാണ് സ്പേസ് എക്‌സ് സ്റ്റാർഷിപ്പിൻ്റെ പ്രോട്ടോടൈപ്പ് പൊട്ടിത്തെറിച്ചത്. ഒരുബോംബ് സ്ഫോടനം ഉണ്ടായത് പോലെ അവശിഷ്ടങ്ങൾ ചിതറിത്തെറിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പദ്ധതിയിട്ടിരുന്ന പത്താമത്തെ ബഹിരാകാശ ദൗത്യം ഇതോടെ സ്പേസ് എക്സ് നിർത്തലാക്കി.
ബഹിരാകാശ ദൗത്യങ്ങൾക്കായി കമ്പനി ചെലവഴിക്കുന്ന തുക എത്രയാണ്? ഇലോൺ മസ്കിൻ്റെ സ്പേസ് എക്സ് ഒരു അമേരിക്കൻ ബഹിരാകാശ സാങ്കേതിക കമ്പനിയാണ്. ഉപഗ്രഹ സാങ്കേതികവിദ്യകളിൽ കമ്പനി വളരെയധികം മുന്നേറ്റം നടത്തിയിട്ടുണ്ട്.
2025-ൽ ഒട്ടേറെ ബഹിരാകാശ പദ്ധതികൾ കമ്പനി ആസൂത്രണം ചെയ്തിരുന്നു. 2024-ൽ, കമ്പനി 134 വിക്ഷേപണ ദൗത്യങ്ങൾ പൂർത്തിയാക്കി. അതേസമയം ട്രംപ് ഭരണകൂടം നാസയുടെ ബജറ്റ് 2025-ൽ 24.8 ബില്യൺ ഡോളറിൽ നിന്ന് 2026-ൽ 18.8 ബില്യൺ ഡോളറായി കുറയ്ക്കാൻ നിർദ്ദേശിച്ചിരുന്നു. ഇത് ഭാവിയിൽ സ്പേസ് എക്സിൻ്റെയും വരുമാനം കുറച്ചേക്കാം. കഴിഞ്ഞ വർഷം ദ്വിതീയ ഓഹരി വിൽപ്പന പൂർത്തിയാക്കിയതിന് ശേഷം സ്‌പേസ് എക്‌സിന്റെ മൂല്യം 350 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. ഇന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്വകാര്യ സ്ഥാപനങ്ങളിലൊന്നാണ് സ്പേസ് എക്സ്