ദുബായ്: പ്രവാസ ജീവിതം കൂടുതൽ ഫലപ്രദമാക്കുന്നതിനും സാമ്പത്തികമായി ശാക്തീകരിക്കുന്നതിനും ലക്ഷ്യമിട്ട് ദുബായ് കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ “ഇൻസ്പയർ 2025” എന്ന പേരിൽ പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. ജൂലൈ 12-ന് ശനിയാഴ്ച രാത്രി 7:30-ന് ദുബായ് കെ.എം.സി.സി. പ്രധാന ഹാളിൽ നടക്കുന്ന പരിപാടിയിൽ ‘പ്രവാസി സമ്പാദ്യവും സന്തോഷവും’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രമുഖ സാമ്പത്തിക വിദഗ്ധനും ടാക്സ് & ഇൻവെസ്റ്റ്‌മെന്റ് എക്സ്പെർട്ടുമായ സി.എ. റിൻഷാദ് അവബോധ ക്ലാസ്സെടുക്കും.
പരിപാടിയുടെ ഭാഗമായുള്ള ബ്രോഷർ പ്രകാശനം ദുബായിൽ നടന്നു. ദുബായ് കെ എം സി സി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് വി സി സൈതലവി, ദുൽഖിഫിൽ അബ്ദുൽ റഷീദ് ടാക്സ് കൺസൾട്ടന്റിന്റെ സി ഇ ഒ ദുൽഖിഫിലിന് നൽകിക്കൊണ്ട്, ബ്രോഷറിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. ചടങ്ങിൽ ദുബായ് മലപ്പുറം ജില്ലാ കെ.എം.സി.സി. ഭാരവാഹികളായ ടി.പി. സൈതലവി, ഫൈസൽ തെന്നല, തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആക്ടിംഗ് ജനറൽ സെക്രട്ടറി ഗഫൂർ കാലടി, ഇർഷാദ് കുണ്ടൂർ, വി.കെ. ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.
സംരംഭങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും, നിക്ഷേപങ്ങളെക്കുറിച്ച് അറിയാൻ താൽപ്പര്യമുള്ളവർക്കും, തങ്ങളുടെ സാമ്പത്തിക ഭാവിയെക്കുറിച്ച് ആശങ്കകളുള്ളവർക്കും ഈ പരിപാടി ഏറെ പ്രയോജനകരമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു. പരിപാടി വിജയകരമാകാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായും ദുബായ് കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം ഭാരവാഹികൾ അറിയിച്ചു. പ്രവാസികൾക്ക് സംശയങ്ങൾ ചോദിക്കാനും വിദഗ്ദ്ധരുമായി സംവദിക്കാനുമുള്ള അവസരവും ചടങ്ങിൽ ഉണ്ടാകുമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു.