Gulf

പ്രവാസികളുടെ അസാന്നിധ്യത്തിൽ പവർ ഓഫ് അറ്റോണി സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി.

Published

on

പ്രവാസികളുടെ അസാന്നിധ്യത്തിൽ കേരളത്തിൽ വിവിധ ആവശ്യങ്ങൾക്ക് സമർപ്പിക്കാനായി ഇ-പവർ ഓഫ് അറ്റോണി (മുക്ത്യാർ) സംവിധാനം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

അബുദാബിയിൽ വിവിധ സംഘടനാ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പ്രവാസി പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഗൾഫ് രാജ്യങ്ങളിൽ നോർക്ക നോഡൽ ഓഫിസ് തുടങ്ങുന്നത് ആലോചിക്കുമെന്നും എന്നാൽ അക്ഷയ കേന്ദ്രം ആരംഭിക്കുന്നതിന് സാങ്കേതിക ബുദ്ധിമുട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രവാസികൾക്കായി ആരംഭിച്ച നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയുടെ പോരായ്മ പരിഹരിക്കണമെന്നും പദ്ധതിയിൽ ചേർന്നവർ ജോലി നഷ്ടപ്പെട്ടോ മറ്റോ നാട്ടിൽ സ്ഥിര താമസമാക്കിയാലും പുതുക്കാൻ സാധിക്കുന്ന വിധത്തിൽ പരിഷ്കരിക്കണമെന്നും ഇന്ത്യൻ ഇസ്‌ലാമിക് സെന്റർ ജനറൽ സെക്രട്ടറി എം.ഹിദായത്തുല്ല ആവശ്യപ്പെട്ടു. പ്രവാസി ക്ഷേമനിധി പെൻഷൻ പദ്ധതിയിൽ ചേരാൻ സാധിക്കാത്തവർക്ക് 60 വയസ്സിനു ശേഷവും 5 വർഷത്തെ അംശാദായം ഒന്നിച്ചടച്ച് പെൻഷൻ ലഭിക്കുംവിധം പരിഷ്ക്കരിക്കണമെന്നും ആവശ്യപ്പെട്ടു.

വിമാന ടിക്കറ്റ് നിരക്ക്, സ്കൂൾ തുറക്കുക തുടങ്ങി കേന്ദ്ര സർക്കാരിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തി സമ്മർദം ചെലുത്തുമെന്നും സംസ്ഥാന സർക്കാരിന് ചെയ്യാനാകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുടെ മക്കൾക്ക് കേരളത്തിലെ സ്കൂളുകളിൽ പഠിക്കാൻ ആവശ്യമായ സാഹചര്യം ഒരുക്കുമെന്നും പറഞ്ഞു. മന്ത്രി സജി ചെറിയാൻ, ചീഫ് സെക്രട്ടറി ഡോ. ജയതിലക് എന്നിവരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version