ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി
ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആർഎഫ്എ) സംഘടിപ്പിക്കുന്ന ബോധവൽക്കരണ ക്യാമ്പ് “For You, We Are Here” തിങ്കളാഴ്ച മുതൽ (2025 ജൂൺ 16) ദുബായ് ഹിൽസ് മാളിൽ ആരംഭിക്കും. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന ഈ ക്യാമ്പ്, പൊതുജനങ്ങൾക്ക് വിവിധ വിസാ, ഐഡന്റിറ്റി, നാഷണാലിറ്റി, ഗോൾഡൻ റെസിഡൻസി, “അമർ അസിസ്റ്റന്റ്” പ്ലാറ്റ്ഫോം, സെന്റിമെന്റ് അനാലിസിസ് സേവനം എന്നിവയെക്കുറിച്ച് അറിയാനുള്ള മികച്ച അവസരമാകും. സമൂഹത്തിൽ കൂടുതൽ ആളുകളെ ജിഡിആർഎഫ്എയുടെ സേവനങ്ങളെക്കുറിച്ച് അവബോധവാന്മാരാക്കുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ ക്യാമ്പ്. “കസ്റ്റമർ ഫസ്റ്റ്” എന്ന തത്വം അടിസ്ഥാനമാക്കിയുള്ള പരിപാടി, പൊതുജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുപോകുന്നത്.
കഴിഞ്ഞ വർഷങ്ങളിലുണ്ടായ വലിയ വിജയത്തിന്റെ തുടർച്ചയായാണ് ഇത്തവണയും ക്യാമ്പ് സംഘടിപ്പിക്കുന്നത്. നേരിട്ട് ഉപഭോക്താക്കളുമായി സംവദിക്കാനുള്ള അവസരങ്ങളാണ് ഇതിലൂടെ ഒരുക്കുന്നത്. സന്ദർശകർക്ക് വ്യക്തിഗതമായി സേവനങ്ങൾക്കുറിച്ച് അറിയാൻ, സംശയങ്ങൾ തീർക്കാൻ, ഫീഡ്ബാക്ക് നൽകാൻ തുടങ്ങിയവക്ക് കഴിയുന്നതാണ് ക്യാമ്പിന്റെ പ്രത്യേകത.
കുട്ടികൾക്കായി “സലേം”, “സലാമ” എന്നീ പ്രശസ്ത കാർട്ടൂൺ കഥാപാത്രങ്ങളുമായി ഒരു പ്രത്യേക വിനോദമേഖലയും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം സമ്മാനങ്ങളും സന്ദർശകർക്ക് ലഭ്യമാക്കുന്നതാണ്.
“ഒരു ഉപഭോക്താവിന്റെ സേവനയാത്രയെ വിജ്ഞാനപരവും വിനോദപരവും ആക്കുന്നതിനുള്ള നവീനമായ സമീപനമാണ് ജിഡിആർഎഫ്എ സ്വീകരിച്ചിരിക്കുന്നത്” എന്ന് ഫോർസൈറ്റ് ആൻഡ് ലീഡർഷിപ്പ് അഫയേഴ്സ് അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അബ്ദുൽ സമദ് ഹുസൈൻ സുലൈമാൻ അൽ ബലൂഷി പറഞ്ഞു.
“മാളുകൾ പോലുള്ള പ്രധാനയിടങ്ങളിലൂടെയുള്ള ഫീൽഡ് സാന്നിധ്യം, സുതാര്യതയും ഇടപെടലും ഉറപ്പാക്കുന്നു. സമയോചിതമായ സേവനങ്ങൾ പൗരന്മാരെയും താമസക്കാർക്കും ലഭ്യമാക്കുന്നതിനുള്ള പ്രതിബദ്ധതയാണ് ഇതിലൂടെ പ്രകടമാകുന്നത്” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പരിപാടി ജൂൺ 20 വെള്ളിയാഴ്ച സമാപിക്കും