ദുബായ് :ലോകത്തിലെ തിരക്കേറിയ വിമാനത്താവളങ്ങളിലൊന്നായ ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ (DXB) എമിഗ്രേഷൻ നടപടികൾ ലളിതമാക്കാൻ അവതരിപ്പിച്ച സ്മാർട്ട് റെഡ് കാർപെറ്റ് കോറിഡോറിന് മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ജി ഡി ആർ എഫ് എ ദുബായ് മേധാവി ലഫ്: ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി അഭിപ്രായപ്പെട്ടു.പാസ്‌പോർട്ടോ ബോർഡിങ് പാസ്സോ ഹാജരാക്കാതെ, ചുവന്ന പാതയിലൂടെ നടന്നു നിമിഷങ്ങൾക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാൻ സഹായിക്കുന്ന ഈ അത്യാധുനിക സംവിധാനം യാത്രകൾ കൂടുതൽ സുഗമമാക്കുകയും 20 മുതൽ 30 ശതമാനം വരെ സമയം ലാഭിക്കപ്പെടുന്നതായും അധികൃതർ വ്യക്തമാക്കി.
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിൻ അഫയേഴ്സ് (GDRFA Dubai) ദുബായ് എയർപോർട്ട്‌സുമായി സഹകരിച്ചാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ പാസഞ്ചർ കോറിഡോർ അവതരിപ്പിച്ചത്. നിലവിൽ ഇത് ടെർമിനൽ 3-ലെ ബിസിനസ് ക്ലാസ് ഡിപ്പാർച്ചർ ഹാളിലാണ് ലഭ്യമാകുന്നത്, എന്നാൽ ഈയിടെ ടെർമിനൽ 3-യിലെ വിപുലീകരണത്തോടെ കൂടുതൽ യാത്രക്കാർക്ക് ലഭ്യമായിരിക്കുന്നു.
പ്രവർത്തന രീതി
ബയോമെട്രിക് സാങ്കേതികവിദ്യയും എ.ഐയും (AI) ഉപയോഗിച്ചാണ് ‘റെഡ് കാർപെറ്റ്’ പ്രവർത്തിക്കുന്നത്. യാത്രക്കാർ ഈ പാതയിലൂടെ നടന്നു നീങ്ങുമ്പോൾ, ക്യാമറകൾ അവരുടെ വിവരങ്ങൾ തിരിച്ചറിയുകയും മുൻകൂട്ടി നൽകിയിട്ടുള്ള ഡാറ്റാബേസുമായി ഒത്തുനോക്കി വിമാനയാത്രയ്ക്ക് അനുമതി നൽകുകയും ചെയ്യുന്നു.പാസ്‌പോർട്ട്, ബോർഡിങ് പാസ് തുടങ്ങിയ യാത്രാരേഖകൾ കാണിക്കേണ്ടതില്ല. ഒരാൾക്ക് ശരാശരി 6 മുതൽ 14 സെക്കൻഡ് വരെ മാത്രമാണ് നടപടികൾ പൂർത്തിയാക്കാൻ എടുക്കുന്നത്. ഒരേസമയം പത്ത് യാത്രക്കാരെ കടത്തിവിടാൻ കഴിയുന്നതുകൊണ്ട് യാത്രാനടപടികളുടെ വേഗത ഇരട്ടിയാകുന്നുവെന്നും കുടുംബങ്ങളോടൊപ്പമുള്ള യാത്രക്കാർക്ക് ഏറെ സമയം ലാഭിക്കാനാകുന്നുവെന്നും അധികൃതർ പറഞ്ഞു.