ദുബൈ: യു.എ.ഇ സർക്കാർതലത്തിൽ സുപ്രധാന മാറ്റങ്ങൾ പ്രഖ്യാപിച്ച് യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം. ദേശീയ നിർമിത ബുദ്ധി സംവിധാനത്തെ യു.എ.ഇ മന്ത്രിസഭയുടെ ഉപദേശക അംഗമായി പരിഗണിക്കുന്നതടക്കമുള്ള മാറ്റങ്ങളാണ് വെള്ളിയാഴ്ച പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത വർഷം ജനുവരി മുതലാണ് നിർമിത ബുദ്ധി സംവിധാനം മന്ത്രിസഭയിൽ ഇടംപിടിക്കുക. മന്ത്രിസഭക്കൊപ്പം മിനിസ്റ്റീരിയൽ ഡെവലപ്മെന്റ് കൗൺസിൽ, ഫെഡറൽ സ്ഥാപനങ്ങളുടെയും സർക്കാർ കമ്പനികളുടെയും ഡയറക്ടർ ബോർഡുകൾ എന്നിവയുടെയും ഉപദേശക അംഗമായി നാഷനൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സിസ്റ്റം പ്രവർത്തിക്കുമെന്നും എക്സ് അക്കൗണ്ടിലൂടെ അറിയിച്ചു.
രാജ്യത്തെ വിദേശ വ്യാപാരം നിയന്ത്രിക്കുന്നതിന് പ്രത്യേക മന്ത്രാലയവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. ഡോ. ഥാനി ബിൻ സയൂദിയാണ് വിദേശ വ്യാപാര മന്ത്രിയായി നിയമിതനായിട്ടുള്ളത്. അതോടൊപ്പം സാമ്പത്തികകാര്യ മന്ത്രാലയം, ഇനിമുതൽ സാമ്പത്തിക, വിനോദ സഞ്ചാര മന്ത്രാലയമായി മാറും. അബ്ദുല്ല ബിൻ തൂഖ് അൽ മർരിയാണ് വകുപ്പുമന്ത്രി.തീരുമാനമെടുക്കാൻ സഹായിക്കുക, തീരുമാനങ്ങൾ അതിവേഗത്തിൽ വിശകലനം നടത്തുക, സാങ്കേതിക ഉപദേശം നൽകുക, എല്ലാ മേഖലകളിലും സർക്കാർ നയങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുക എന്നിവയാണ് നിർമിതബുദ്ധി ഉപയോഗപ്പെടുത്തുന്നതിലൂടെ ലക്ഷ്യമിടുന്നത്. ശാസ്ത്രീയമായും സാമ്പത്തികമായും സാമൂഹികമായും ലോകം സമഗ്രമായ മാറ്റങ്ങളിലൂടെ കടന്നുപോകുകയാണെന്നും, വരുംദശകങ്ങളിലേക്ക് ഇപ്പോൾതന്നെ ഒരുങ്ങുകയും ഭാവിതലമുറകൾക്ക് തുടർച്ചയായ അഭിവൃദ്ധിയും മാന്യമായ ജീവിതവും ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ലക്ഷ്യമെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.