ദുബായ് ∙ കലാ- സാംസ്കാരിക വിനിമയത്തിന്റെയും വിനോദത്തിന്റെയും ലോകോത്തര വേദിയായ ദുബായ് ഗ്ലോബൽ വില്ലേജ് 30-ാം വാർഷിക സീസണിന് വർണോജ്വല തുടക്കം. ‘എ മോർ വണ്ടർഫുൾ വേൾഡ്’ (കൂടുതൽ വിസ്മയലോകം) എന്ന ആകർഷകമായ പ്രമേയത്തിൽ ഒരുക്കിയ ഈ സീസണിന്റെ കവാടം വൈകിട്ട് 6 ന് തുറന്നു. മുപ്പത് വർഷത്തെ പൈതൃകവും പുതുമകളും ആഘോഷിക്കുന്ന ഈ സീസൺ സന്ദർശകർക്ക് അവിസ്മരണീയമായ അനുഭവം സമ്മാനിക്കുമെന്ന് അധികൃതർ പറഞ്ഞു.
ആഗോളഗ്രാമത്തിന്റെ ഉദ്ഘാടന രാത്രി വർണങ്ങളുടെയും പ്രകാശത്തിന്റെയും അദ്ഭുതലോകമായി മാറി. സജീവമായ നിറങ്ങളും മിന്നുന്ന വിളക്കുകളും ആകർഷകമായ പ്രകടനങ്ങളും പാർക്കിനെ ജീവസ്സുറ്റതാക്കുന്നു. സംഗീതം, നൃത്തം, തിയറ്റർ, ദൃശ്യ വിസ്മയങ്ങൾ എന്നിവയിൽ മുഴുകി ജീവിതകാലം മുഴുവൻ ഓർമിക്കാൻ കഴിയുന്ന നിമിഷങ്ങൾ സ്വന്തമാക്കാൻ സന്ദർശകർക്ക് അപൂർവാവസരമാണിത് മുൻ സീസണുകളുടെ ആഘോഷം മാത്രമല്ല, ഭാവിയിലേക്കുള്ള കാഴ്ച കൂടിയാണ് ഈ സീസൺ നൽകുന്നത്