Gulf

ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ പൈലറ്റുമാർ ഇറങ്ങിപ്പോയി കുടുങ്ങി യാത്രക്കാർ

Published

on

ദുബായിൽ നിന്ന് കർണാടകയിലെ മംഗളൂരുവിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മോശം കാലാവസ്ഥ കാരണം ബെംഗളൂരുവിൽ കുടുങ്ങി. സ്ത്രീകളും കുട്ടികളുമടക്കമുള്ള നൂറിലേറെ യാത്രക്കാർ ഇതോടെ ദുരിതത്തിലായി. ഇന്നലെ രാത്രി 11.40ന് ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലേക്ക് നേരിട്ട് പറക്കേണ്ടിയിരുന്ന ഐഎക്സ് 814 വിമാനം ഒന്നര മണിക്കൂറോളം വൈകിയാണ് പുറപ്പെട്ടത്.

രാവിലെ ആറോടെ മംഗളൂരു വിമാനത്താവളത്തിലിറങ്ങേണ്ട വിമാനം ശക്തമായ മഴയും മൂടൽമഞ്ഞും കാരണം അവിടെ നിന്ന് നേരെ ബെംഗളൂരുവിലെത്തി രാവിലെ ഏഴോടെ ലാൻഡ് ചെയ്യുകയായിരുന്നു. മംഗളൂരുവിൽ ഒന്നിലേറെ പ്രാവശ്യം വട്ടമിട്ട് പറന്നശേഷമായിരുന്നു ഇത്. ഇതിനിടെ ഡ്യൂട്ടി സമയം കഴിഞ്ഞതിനാൽ പൈലറ്റുമാർ വിമാനത്തിൽ നിന്നിറങ്ങിപ്പോയി. വിമാനത്താവളത്തിൽ കാത്തിരിക്കാൻ യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടെങ്കിലും അവർ വഴങ്ങിയില്ല.

വയോധികരും കുട്ടികളും രോഗികളുമൊക്കെ ഉള്ളതിനാലും ലഗേജ് ശേഖരിച്ച് കൂടെ വയ്ക്കേണ്ടതിനാലും പലരും എതിർപ്പ് പ്രകടിപ്പിച്ചതോടെ അധികൃതർ പിന്നെ നിർബന്ധിച്ചില്ല. എയർ ഇന്ത്യ എക്സ്പ്രസിൽ നിലവിൽ കുടിവെള്ളം ചോദിച്ചാൽ ചെറിയൊരു കപ്പിൽ മാത്രമേ നൽകുന്നുള്ളൂ. അതിനാൽ കുട്ടികളും മറ്റും വിശന്ന് കരയാൻ തുടങ്ങിയപ്പോൾ ജ്യൂസും ബിസ്കറ്റും മാത്രം നൽകി. യാത്രക്കാരെല്ലാം വിമാനത്തിൽ കാത്തിരിക്കുകയാണ്.

ഇന്ത്യൻ സമയം രാവിലെ 11.30ന് വിമാനം മംഗളൂരുവിലേക്ക് പുറപ്പെടുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്. അതിന് മുൻപ് ഉച്ചഭക്ഷണം നൽകുമെന്നും പറഞ്ഞിരുന്നു. കൃത്യസമയത്ത് പുറപ്പെടുമോ ഇല്ലയോ എന്ന ആശങ്കയിലാണ് യാത്രക്കാരും അവരുടെ നാട്ടിലെയും യുഎഇയിലെയും ബന്ധുക്കളും.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version