അബുദാബി ∙ ഡിജിറ്റൽ കറൻസികളിൽ നിക്ഷേപം നടത്തുന്നവർക്ക് യുഎഇ ഗോൾഡൻ വീസ അനുവദിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി (െഎസിപി), സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി (എസ് സിഎ), വെർച്വൽ അസറ്റ്സ് റെഗുലേറ്ററി അതോറിറ്റി (വറ) എന്നിവ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.
ചില വെബ്സൈറ്റുകളിലും സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലും പ്രചരിക്കുന്ന ഈ റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്നും അധികൃതർ വ്യക്തമാക്കി. ഗോൾഡൻ വീസകൾ വ്യക്തവും ഔദ്യോഗികമായി അംഗീകരിച്ചതുമായ മാനദണ്ഡങ്ങൾക്കും ചട്ടക്കൂടുകൾക്കും അനുസരിച്ചാണ് നൽകുന്നതെന്ന് ഐസിപി അറിയിച്ചു. ഡിജിറ്റൽ കറൻസി നിക്ഷേപകർ ഈ മാനദണ്ഡങ്ങളിൽ ഉൾപ്പെടുന്നില്ല.
ഗോൾഡൻ വീസയ്ക്ക് അർഹരായ വിഭാഗങ്ങളിൽ റിയൽ എസ്റ്റേറ്റ് നിക്ഷേപകർ, സംരംഭകർ, വിവിധ മേഖലകളിലെ പ്രതിഭകൾ, ശാസ്ത്രജ്ഞരും വിദഗ്ധരും, മികച്ച വിദ്യാർഥികളും ബിരുദധാരികളും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ മുന്നിട്ട് നിൽക്കുന്നവർ, മുൻനിര പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്നു. സാമ്പത്തിക മേഖലയെയും സെക്യൂരിറ്റീസ് സേവനങ്ങളെയും നിയന്ത്രിക്കുന്നതിൽ രാജ്യാന്തര നിലവാരം പുലർത്താൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എസ് സിഎ അറിയിച്ചു.
സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുക, ആഭ്യന്തരവും രാജ്യാന്തരവുമായ നിക്ഷേപകരുടെ വിശ്വാസം വർധിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് നടപടിക്രമങ്ങൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നും വ്യക്തമാക്കി. ഗുണമേന്മയുള്ള മൂലധനം ആകർഷിക്കുകയും സുസ്ഥിര നിക്ഷേപ അന്തരീക്ഷം വളർത്തുകയും ചെയ്യുക എന്ന യുഎഇയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നു.