ഇറാന് നേരെ ഇസ്രായേൽ വീണ്ടും വ്യേമാക്രമണം നടത്തിയതിന് പിന്നാലെ ശക്തമായി തിരച്ചടിച്ച് ഇറൻ. ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവ് ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ ഇറാൻ ബാലിസ്റ്റിക് മിസൈലുകൾ ഉപയോഗിച്ചതായാണ് വിവരം. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇസ്രയേലിനെതിരെ തിരിച്ചടി ആരംഭിച്ചുവെന്ന് ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേൽ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാവിലെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാൻ സൈന്യത്തിലെ ഉന്നതരും ആണവശാസ്ത്രജ്ഞരും ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ആക്രമണം നടന്നതിന് പിന്നാലെ രാജ്യത്തെ ഇന്റർനെറ്റ് സേവനങ്ങൾക്ക് ഇറാൻ താത്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വൈകുന്നേരത്തോടെ ഇസ്രയേൽ വീണ്ടും ആക്രമണം നടത്തിയത്. ഇറാൻ-ഇസ്രയേൽ ആക്രമണത്തിൽ യുഎൻ രക്ഷാസമിതി അടിയന്തരയോഗം ചേർന്ന് സാഹചര്യം ചർച്ച ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ഇറാൻ്റെ ആണവ കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയതിന് തൊട്ടു പിന്നാലെയാണ് ഇറാൻ തിരിച്ചടി തുടങ്ങിയത്. അതേസമയം ആക്രമണം തുടരുകയാണെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്.