ദുബായ്: ദുബായിലെ സർക്കാർ സംവിധാനങ്ങൾ തമ്മിലുള്ള ഡിജിറ്റൽ സംയോജനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് – ദുബായ് (GDRFA ദുബായ്)യും ദുബായ് കോർട്ടും തമ്മിൽ ഡിജിറ്റൽ സഹകരണ കരാർ ഒപ്പുവെച്ചു. നീതിന്യായ അന്വേഷണ സേവനങ്ങൾ സുഗമമാക്കാനും ഡാറ്റാ കൈമാറ്റത്തിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനുമായി വികസിപ്പിക്കുന്ന ഇലക്ട്രോണിക് ബന്ധിപ്പിക്കൽ സംവിധാനത്തിന്റെ ഭാഗമായി കരാർ നടപ്പിലാക്കും.
ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബൽ 2025 വേദിയിലായിരുന്നു കരാർ ഒപ്പുവെച്ചത്. ജി.ഡി.ആർ.എഫ്.എ ദുബായ് ഡയറക്ടർ ജനറൽ ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറിയും ദുബായ് കോടതികളുടെ ഡയറക്ടർ ജനറൽ ഡോ. സൈഫ് ഗാനിം അൽ സുവൈദിയും ചേർന്നാണ് കരാറിൽ ഒപ്പുവെച്ചത്. ഇരു സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള ഏകോപനവും സംയോജിത സേവനവിതരണവും കൂടുതൽ കാര്യക്ഷമമാക്കാനുള്ള പുതിയ ചുവടുവെപ്പാണിത് എന്ന് ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി പറഞ്ഞു. “ജനങ്ങളെ ഒരൊറ്റ ടീമായി സേവിക്കാനുള്ള ദുബായ് നേതൃത്ത്വത്തിന്റെ ദർശനവുമായി ഈ കരാർ പൊരുത്തപ്പെടുന്നു. സുരക്ഷിതവും പരസ്പരം ബന്ധിപ്പിച്ചതുമായ ഡിജിറ്റൽ സംവിധാനങ്ങൾ വഴി സേവനങ്ങൾ ലളിതമാക്കുകയാണ് ലക്ഷ്യം,” അദ്ദേഹം പറഞ്ഞു.
“ഇത് ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയെയും ദുബായ് സർക്കാരിന്റെ മികവിലേക്കുള്ള സാങ്കേതിക ദൗത്യത്തെയും പ്രതിഫലിപ്പിക്കുന്നു. സേവനങ്ങൾ വേഗത്തിലാക്കാനും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താനുമുള്ള ശ്രമങ്ങളിൽ ഇത് വലിയ പങ്കുവഹിക്കുമെന്ന് അൽ മർറി കൂട്ടിച്ചേർത്തു
നടപടിക്രമങ്ങൾ ലളിതമാക്കാനും നീതിയിലേക്കുള്ള പ്രവേശനം വേഗത്തിലാക്കാനും സാങ്കേതികവിദ്യ പ്രധാനമായ പങ്ക് വഹിക്കുമെന്ന്” ദുബായ് കോടതികളുടെ ഡയറക്ടർ ജനറൽ ഡോ. സൈഫ് ഗാനിം അൽ സുവൈദി പറഞ്ഞു.“ഡിജിറ്റൽ സൊല്യൂഷനുകൾ ഉപയോഗിച്ച് നീതിന്യായ നടപടികൾ കൂടുതൽ സുതാര്യമാക്കുന്ന സംയുക്ത സർക്കാർ പ്രവർത്തന മാതൃകയാണ് ഈ സഹകരണം.
എല്ലാവർക്കും എളുപ്പത്തിൽ നീതി ലഭ്യമാക്കുന്ന സംയോജിത വ്യവസ്ഥയിലൂടെ ദുബായിലെ ആഗോള വിശ്വാസം വർദ്ധിപ്പിക്കാനുമാണ് ഇതിന്റെ ലക്ഷ്യം,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരാർ പ്രകാരം, ഡിജിറ്റൽ ദുബായ് അതോറിറ്റിയുടെ GSB പ്ലാറ്റ്‌ഫോം വഴി ഇലക്ട്രോണിക് ഡാറ്റാ കൈമാറ്റം നടപ്പിലാക്കും. ഇതുവഴി ജുഡീഷ്യൽ അന്വേഷണ ആവശ്യങ്ങൾക്കായുള്ള വിവരങ്ങൾ സുരക്ഷിതമായും കാര്യക്ഷമമായും കൈമാറാൻ സാധിക്കും. കൂടാതെ, അൽ അദീദ് (Al Adheed) കേന്ദ്രങ്ങൾ വഴി ഫീസ് ഇലക്ട്രോണിക് രീതിയിൽ അടയ്ക്കാനുള്ള സംവിധാനവും ഒരുക്കും.ഉയർന്ന നിലവാരത്തിലുള്ള ഡാറ്റാ സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കുന്നതിനായി ഇരു സ്ഥാപനങ്ങളും സംയുക്ത സാങ്കേതിക-ഓപ്പറേഷണൽ പിന്തുണ നൽകും.
നവീകരണം, വഴക്കം, സജീവമായ സമീപനം എന്നിവയിലൂടെ സംയോജിത സേവനങ്ങൾ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ദുബായിലെ ഡിജിറ്റൽ പരിവർത്തന ദൗത്യത്തിന്റെ ഭാഗമായാണ് ഈ കരാർ. ജനകേന്ദ്രിതമായ ഡിജിറ്റൽ ഭരണരംഗത്ത് ദുബായ് ആഗോള തലത്തിൽ മുന്നിട്ടുനിൽക്കുന്നതിന്റെ തെളിവാണിതെന്ന് അധികൃതർ വ്യക്തമാക്കി.