അബുദാബി ∙ ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച സമാധാന പദ്ധതിക്ക് പിന്തുണയുമായി യുഎഇയും മറ്റ് ഏഴ് പ്രധാന രാജ്യങ്ങളും രംഗത്ത്. യുഎഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ മറ്റ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർക്കൊപ്പം സംയുക്ത പ്രസ്താവന പുറത്തിറക്കി.
സമാധാനം സ്ഥാപിക്കാനുള്ള ട്രംപിന്റെ ശ്രമങ്ങളെ പ്രശംസിച്ച മന്ത്രിമാർ ഈ ഉടമ്പടിക്ക് അന്തിമരൂപം നൽകുന്നതിനും നടപ്പാക്കുന്നതിനും യുഎസുമായി ക്രിയാത്മകമായി സഹകരിക്കാൻ തയാറാണെന്ന് അറിയിച്ചു. ഈ നീക്കം മേഖലയിലെ ജനങ്ങൾക്ക് സമാധാനവും സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുമെന്നാണ് വിലയിരുത്തൽ. ഷെയ്ഖ് അബ്ദുല്ലയ്ക്ക് പുറമെ, സൗദി, ഖത്തർ, ഈജിപ്ത്, ജോർദാൻ, തുർക്കി, ഇന്തൊനീഷ്യ, പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് സംയുക്ത പ്രസ്താവനയിൽ ഒപ്പുവച്ചത്.
20 ഇന കരാറിലെ പ്രധാന ആവശ്യങ്ങൾ
ഇസ്രായേൽ പ്രധാനമന്ത്രിയുടെ അംഗീകാരം നേടിയ ട്രംപിന്റെ 20 ഇന സമാധാന കരാർ ലക്ഷ്യമിടുന്നത് താഴെ പറയുന്ന പ്രധാന കാര്യങ്ങളാണ്:
വെടിനിർത്തൽ: ഉടനടി വെടിനിർത്തൽ നടപ്പാക്കണം.
ബന്ദികളുടെ മോചനം: ഹമാസ് ബന്ദികളെ ഉടൻ മോചിപ്പിക്കുക.
സേന പിൻമാറ്റം: ഗാസയിൽ നിന്ന് ഇസ്രയേൽ സൈന്യം ഘട്ടം ഘട്ടമായി പിൻമാറുക.
നിരായുധീകരണം: ഹമാസിന്റെ സൈനിക സംവിധാനങ്ങൾ പൂർണമായി നിരായുധീകരിക്കുക.
വെസ്റ്റ് ബാങ്ക്: വെസ്റ്റ് ബാങ്ക് ഇസ്രയേൽ കൂട്ടിച്ചേർക്കുന്നത് അനുവദിക്കില്ല.
പുനർനിർമാണം: ഗാസയുടെ പുനർനിർമാണത്തിന് സഹായം എത്തിക്കുക.
പാലായനം തടയണം: പലസ്തീൻ ജനതയുടെ പാലായനം ഒരു കാരണവശാലും ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തുക.
ദ്വിരാഷ്ട്ര പരിഹാരം: ദ്വിരാഷ്ട്ര പരിഹാരമാണ് ലക്ഷ്യം. ഗാസയെ വെസ്റ്റ് ബാങ്കുമായി സമന്വയിപ്പിച്ച് രാജ്യാന്തര നിയമങ്ങൾക്കനുസൃതമായി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കണം.
∙ സഹായവും സുരക്ഷാ സംവിധാനവും ഉറപ്പാക്കും
ഗാസയിലേക്ക് തടസ്സമില്ലാതെ അത്യാവശ്യമായ മാനുഷിക സഹായം എത്തിക്കുന്നത് ഈ ഉടമ്പടി ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രിമാർ ചൂണ്ടിക്കാട്ടി. കൂടാതെ, എല്ലാ കക്ഷികളുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഒരു സുരക്ഷാ സംവിധാനം സ്ഥാപിക്കാനും ഇസ്രയേൽ പൂർണമായി പിൻവാങ്ങാനും കരാർ വ്യവസ്ഥ ചെയ്യുന്നുണ്ട്. മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിൽ യുഎസുമായുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യം മന്ത്രിമാർ ഊന്നിപ്പറഞ്ഞു. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനും സുസ്ഥിരമായ സമാധാനം സ്ഥാപിക്കുന്നതിനും വേണ്ടി പ്രവർത്തിക്കാനുള്ള തങ്ങളുടെ കൂട്ടായ പ്രതിബദ്ധതയും അവർ ആവർത്തിച്ചു വ്യക്തമാക്കി.