ദുബായ് ∙ ഖത്തറിലെ യുഎസ് സേനാതാവളത്തിൽ ഇറാന്റെ മിസൈൽ ആക്രമണം. മധ്യപൂർവദേശത്തെ ഏറ്റവും വലിയ യുഎസ് താവളമായ അൽ ഉദൈദ് എയർ ബേസിലേക്ക് ഖത്തർ സമയം രാത്രി 7.42 ന് 14 മിസൈലുകളാണു തൊടുത്തത്. ദോഹയിൽനിന്ന് 30 കിലോമീറ്റർ അകലെയാണിത്. മിസൈലുകളിലേറെയും വെടിവച്ചിട്ടു. ആളപായമില്ലെന്ന് യുഎസ് അറിയിച്ചു.
മധ്യപൂർവദേശത്തെ അമേരിക്കൻ സൈനികത്താവളങ്ങൾ ഇറാൻ ആക്രമിച്ചേക്കുമെന്ന സൂചനയിൽ, ഗൾഫിലെ അമേരിക്കൻ, ബ്രിട്ടിഷ് പൗരർ ജാഗ്രത പുലർത്തണമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. ആക്രമണത്തിനു മുൻപു തന്നെ ഖത്തർ വ്യോമമേഖല അടച്ചിരുന്നു. ആക്രമണത്തിനു പിന്നാലെ ബഹ്റൈനും കുവൈത്തും വ്യോമമേഖല അടച്ചു. രാത്രി വൈകി ബഹ്റൈനും കുവൈത്തും വ്യോമമേഖല തുറന്നു.