ഓണം ബമ്പർ ജേതാവ് ശരത്തിനും ഭാര്യ അപർണയ്ക്കും ഒരു മകൻ പിറന്നത് എട്ടുവർഷത്തിനുശേഷമാണ്. ആഗ്നേയ് കൃഷ്ണ എന്നുപേരിട്ട അവന് ആറുമാസമേ ആയിട്ടുള്ളൂ. മകന്റെ ഭാഗ്യമാണിതെന്നാണ് ശരത്തും അപർണയും പറയുന്നത്. കേരളം കാത്തിരുന്ന ഭാഗ്യശാലി തിങ്കളാഴ്ച ബാങ്കിൽ ടിക്കറ്റ് ഹാജരാക്കിയശേഷമാണ് വിവരം പുറത്തറിയിച്ചത്.
കേരളമൊന്നാകെ 25 കോടി രൂപയുടെ ഭാഗ്യശാലിയെ കാത്തിരുന്നപ്പോൾ, കാണാമറയത്ത് എല്ലാം കണ്ടും അറിഞ്ഞുമിരിക്കുകയായിരുന്നു ശരത്തും കുടുംബവും. ഫലംവന്ന് ശനിയാഴ്ച രണ്ടുമണിയോടെതന്നെ ശരത് വിവരമറിഞ്ഞിരുന്നു. ഭാര്യയെ വീട്ടിലേക്കു വിളിച്ച് നമ്പർ ഉറപ്പിച്ചശേഷം സഹോദരനെ വിളിച്ചു പറഞ്ഞു. ആദ്യം തമാശയാണെന്നാണ് കരുതിയതെന്ന് സഹോദരൻ രഞ്ജിത്ത് പറയുന്നു.
‘രണ്ടുമണിയോടെ വിളിച്ച് ബമ്പറടിച്ചെന്ന് സംശയമുള്ളതായാണ് ആദ്യം പറഞ്ഞത്. ചുമ്മാ തമാശ പറയാതെ. ശരിക്ക് നോക്കീട്ട് പറ എന്നുപറഞ്ഞ് ഫോൺ വെച്ചു. മൂന്നുമണിയോടെ വീണ്ടും വിളിച്ചിട്ട് ശരിക്കും അടിച്ചെടാ എന്നു പറഞ്ഞപ്പോഴാണ് സംഭവം സീരിയസാണെന്നു മനസ്സിലായത്. അവധിയായതുകൊണ്ടാണ് രണ്ടുദിവസം വിവരം രഹസ്യമാക്കിവെച്ചത്.’- സഹോദരൻ രഞ്ജിത്ത് പറഞ്ഞു.