ഫൈസൽ ടാഗി എന്ന കുറ്റവാളിയെയാണ് കൈമാറിയതെന്ന് ദുബൈ പൊലീസ് വൃത്തങ്ങൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ഡച്ച് പൗരനായ ഇയാൾ ‘മരണത്തിന്റെ മാലാഖമാർ’ എന്ന പേരിൽ അറിയപ്പെട്ട ക്രിമിനൽ സംഘത്തിന്റെ ഭാഗമായിരുന്നു. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, മനുഷ്യക്കടത്ത് എന്നിവയടക്കം നിരവധി കുറ്റകൃത്യങ്ങളുടെ ഭാഗമായതിനെ തുടർന്ന് ഫൈസലിനെതിരെ അന്താരാഷ്ട്ര അറസ്റ്റ് വാറന്റ് നിലവിലുണ്ടായിരുന്നു.

കുറ്റവാളിയെ കൈമാറുന്നതിൽ യു.എ.ഇയുടെ സഹകരണത്തെയും ദുബൈ പൊലീസിന്റെ ഇടപെടലുകളെയും ഡച്ച് പ്രധാനമന്ത്രി ഡിക്ക് ഷൂഫ് അഭിനന്ദനം അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മിലെ ശക്തമായ ഉഭയകക്ഷി ബന്ധത്തെയും അദ്ദേഹം അഭിനന്ദിച്ചു.ഫൈസലിന്റെ പിതാവ് റിദൗവാൻ ടാഗി 2019ൽ ദുബൈയിൽ അറസ്റ്റിലായിരുന്നു. ഈ സമയത്ത് അയാൾ ക്രിമിനൽ സംഘത്തിന്റെ നേതാവായിരുന്നു. 2016 മുതൽ ആഡംബര വില്ലയിൽ താമസിച്ചുവന്ന ഇയാൾ വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് യു.എ.ഇയിൽ പ്രവേശിച്ചിരുന്നത്.”