ഛത്തീസ്‌ഗഡിൽ കള്ളക്കേസ് ചാർത്തി ജയിലിൽ അടച്ചിരിക്കുന്ന മലയാളി കന്യാസ്‌ത്രീമാരായ പ്രീതി മേരിക്കും വന്ദന ഫ്രാൻസിസിനും ജാമ്യം. എൻഐഎ പ്രത്യേക കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒമ്പത് ദിവസത്തിന് ശേഷമാണ് ജാമ്യം. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യമാണ് കോടതി അനുവദിച്ചത്. പ്രോസിക്യൂഷൻ ശക്തമായി എതിർത്തിട്ടും ജാമ്യം കോടതി അനുവദിച്ചു. കന്യാസ്ത്രീകൾ ശനിയാഴ്ച തന്നെ ജയിൽ മോചിതരാകുമെന്ന് പ്രതീക്ഷിക്കുന്നു.
സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നിവരെയാണ് നിർബന്ധിത മതപരിവർത്തനം (ഛത്തീസ്‌ഗഡ് മതസ്വാതന്ത്ര്യ നിയമം–നാലാം വകുപ്പ്), മനുഷ്യക്കടത്ത് (ഭാരതീയ ന്യായ സംഹിത– 143–-ാം വകുപ്പ്), രാജ്യവിരുദ്ധ പ്രവർത്തനം(ബിഎൻഎസ് 152–-ാം വകുപ്പ്) തുടങ്ങി ഗുരുതര വുകപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്തത്.
മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെൺകുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്‌ത്രീകളെയും വെള്ളിയാഴ്‌ച പകൽ എട്ടരയോടെ ബജരംഗ്‌ദളുകാർ ട്രെയിനിൽ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടിടിഇ അറിയിച്ചതനുസരിച്ചാണ് ബജ്‌രംഗ്‌ദൾ പ്രവർത്തകർ റെയിൽവെ സ്‌റ്റേഷനിലെത്തി ആൾക്കൂട്ട വിചാരണയ്‌ക്കും അതിക്രമത്തിനും കന്യാസ്‌ത്രീകളെ വിധേയരാക്കിയത്. മതപരിവർത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടർന്നു. ബജ്‌രംഗ്‌ദളുകാർ തന്നെയാണ് കന്യാസ്‌ത്രീകളെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.