Gulf

ഇലക്ട്രിക് പറക്കും വാഹനത്തിന്റെ ആദ്യ പരീക്ഷണ പറക്കലിന് റാസൽഖൈമ സാക്ഷ്യം വഹിച്ചു

Published

on

റാസൽഖൈമ∙ ഇലക്ട്രിക് പറക്കും വാഹനത്തിന്റെ ആദ്യ പരീക്ഷണ പറക്കലിന് റാസൽഖൈമ സാക്ഷ്യം വഹിച്ചു. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമിയുടെ സാന്നിധ്യത്തിൽ അൽ ജസീറ ഏവിയേഷൻ ക്ലബിലാണ് ചൈനീസ് കമ്പനിയായ എക്സ്പെങ് എയ്റോഎച്ച്ടി വികസിപ്പിച്ചെടുത്ത ഇലക്ട്രിക് പറക്കും വാഹനത്തിന്റെ പരീക്ഷണം നടന്നത്.

യുഎഇയിലെ ചൈനീസ് അംബാസഡർ ഷാങ് യിമിങ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിനെത്തിയിരുന്നു. യുഎഇയുടെ സുസ്ഥിരവും സ്മാർടുമായ ഗതാഗത സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പാണ് ഈ പരീക്ഷണം. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഭാവി രൂപപ്പെടുത്താനുള്ള യുഎഇയുടെ കാഴ്ചപ്പാടാണ് ഈ പരീക്ഷണ പറക്കലിലൂടെ വ്യക്തമാകുന്നതെന്ന് ഷെയ്ഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു.

റാസൽഖൈമയെ താമസത്തിനും ജോലിക്കും നിക്ഷേപത്തിനും ടൂറിസത്തിനും അനുയോജ്യമായ സ്ഥലമാക്കി മാറ്റാൻ ഈ പരീക്ഷണം സഹായകമാകും. നമ്മുടെ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി കൂടുതൽ സുസ്ഥിരമായ നഗരങ്ങളും മലിനീകരണം കുറഞ്ഞ ഗതാഗത സംവിധാനങ്ങളും കെട്ടിപ്പടുക്കുക എന്നതാണ് എന്ന് ഷെയ്ഖ് സൗദ് പറഞ്ഞു. റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റിയും എക്സ്പെങ് എയ്റോഎച്ച്ടിയും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു. ഇത് പറക്കും വാഹനങ്ങൾ ടൂറിസം, വിനോദം, രക്ഷാപ്രവർത്തനം തുടങ്ങിയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിനുള്ള സാധ്യതകൾ മുന്നോട്ട് വയ്ക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version