ദുബായ് ∙ ഞായറാഴ്ച നടക്കുന്ന ഏഷ്യാ കപ്പ് ഫൈനല്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടം പിടിക്കും ക്രിക്കറ്റ് ലോകത്തെ ഏറ്റവും വീര്യമേറിയ പോരാട്ടത്തിന് സാക്ഷ്യം വഹിക്കാൻ ഒരുങ്ങി ദുബായ്. ഏഷ്യാ കപ്പ് 2025 ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആവേശം അണപൊട്ടും. കായികലോകം ഉറ്റുനോക്കുന്ന ഈ കിരീടപ്പോരാട്ടത്തിന്റെ ടിക്കറ്റുകൾ ഇപ്പോഴും ലഭ്യമാണ്.
ഇന്ന് പുറത്തുവന്ന വിവരമനുസരിച്ച്, 350 ദിർഹം മുതൽ ആരംഭിക്കുന്ന അപ്പർ സ്റ്റാൻഡുകളിലെ ടിക്കറ്റുകൾ പ്ലാറ്റിനംലിസ്റ്റ് വെബ്സൈറ്റിൽ ലഭ്യമാണ്. 1,500 ദിർഹം മുതൽ ആരംഭിക്കുന്ന ഹോസ്പിറ്റാലിറ്റി പാസുകളും വിൽപനയ്ക്ക് വച്ചിട്ടുണ്ട്. കൂടാതെ, മൂന്ന് പ്രീമിയം ടിക്കറ്റുകൾ രണ്ടെണ്ണത്തിന്റെ വിലയ്ക്ക് സ്വന്തമാക്കാൻ സാധിക്കുന്ന പ്രത്യേക പ്രൊമോഷനും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്.
മേയിൽ ഇരുരാജ്യങ്ങൾക്കുമിടയിലുണ്ടായ സൈനിക പോരാട്ടത്തിന്റെ നിഴലിലാണ് ഇത്തവണത്തെ ഏഷ്യാ കപ്പ് അരങ്ങേറുന്നത്. രാഷ്ട്രീയ പിരിമുറുക്കം കളിക്കളത്തിലും പ്രതിഫലിച്ചിരുന്നു. ആദ്യ രണ്ട് മത്സരങ്ങളിലും ഇരു ടീമുകളിലെയും കളിക്കാർ കളിക്ക് ശേഷം കൈ കൊടുക്കാൻ വിസമ്മതിച്ചത് ഏറെ വിവാദമായി. ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് രാഷ്ട്രീയപരമായ പ്രസ്താവന നടത്തിയെന്ന് ആരോപണമുയർന്നിരുന്നു.
രണ്ടാമത്തെ മത്സരത്തിൽ പാക്ക് ഓപ്പണർ സാഹിബ്സാദ ഫർഹാനും പേസർ ഹാരിസ് റൗഫും അമിതമായ ആവേശം പ്രകടിപ്പിച്ചതിനും വിമർശനങ്ങളുണ്ടായിരുന്നു. എങ്കിലും വിവാദങ്ങളിൽ ശ്രദ്ധ വ്യതിചലിക്കാതെ ക്രിക്കറ്റിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ പാക്കിസ്ഥാൻ പരിശീലകൻ മൈക്ക് ഹെസൺ കളിക്കാരോട് ആവശ്യപ്പെട്ടു. ഐസിസി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യ, ഫൈനലിൽ ശക്തമായ മുൻതൂക്കത്തോടെയാണ് എത്തുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരങ്ങളിൽ പാക്കിസ്ഥാൻ ഇന്ത്യയോട് പതറിയിരുന്നു.
ആദ്യ കളിയിൽ 127 റൺസ് മാത്രമെടുത്ത പാക്കിസ്ഥാനെതിരെ ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ വിജയിച്ചു. രണ്ടാം മത്സരത്തിൽ പ്രകടനം മെച്ചപ്പെടുത്തിയെങ്കിലും പാക്കിസ്ഥാൻ ആറ് വിക്കറ്റിന് പരാജയപ്പെട്ടു. ഇന്ത്യയെ കൂടുതൽ സമയം സമ്മർദ്ദത്തിലാക്കാൻ തങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ടെന്ന് മൈക്ക് ഹൈസൺ പറഞ്ഞു. അവർ ലോകത്തിലെ ഒന്നാം നമ്പർ ടീമായതിന് കാരണമുണ്ട്. അതാണ് ഞങ്ങളുടെ വെല്ലുവിളി.