Gulf

ഇന്ത്യൻ അസോസിയേഷൻ ഷാർജ 2025-ലെ ഓണാഘോഷം നാളെ ഷാർജ എക്സ്പോ സെൻ്ററിൽ

Published

on

കേരളത്തിന്റെ ഊർജ്ജസ്വലമായ സാംസ്കാരിക പൈതൃകവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് ഷാർജ എക്സ്പോ സെന്ററിൽ അരങ്ങേറുന്ന ഓണാഘോഷം യുഎഇയിലെ മികച്ച സാംസ്കാരിക പരിപാടികളിൽ ഒന്നായി മാറിക്കഴിഞ്ഞു. യുഎഇയിലെ ഇന്ത്യൻ സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഇന്ത്യൻ അസോസിയേഷൻ ഷാർജ (ഐ.എ.എസ്.) എപ്പോഴും മുൻപന്തിയിലാണെന്നും, ഈ പാരമ്പര്യം നിലനിർത്തിക്കൊണ്ട് 2025-ലെ ഓണം, പ്രൗഢിയോടും ഭംഗിയോടും കൂടി ആഘോഷിക്കാൻ ഐ.എ.എസ്. മാനേജിംഗ് കമ്മിറ്റി തയ്യാറെടുക്കുന്നു.

ഷാർജ എക്‌സ്‌പോ സെന്ററിൽ വെച്ച് നടക്കുന്ന ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ വിപുലമായ ആഘോഷങ്ങളോടെയാണ് അരങ്ങേറുക. എല്ലാ മനുഷ്യരെയും ചേർത്തു പിടിക്കണമെന്ന, സ്നേഹത്തിൻ്റെയും ഒത്തൊരുമയുടെയും സന്ദേശം ഉയർത്തിപ്പിടിക്കുന്ന ഓണാഘോഷത്തിൽ 25000 ഓളം പേർക്കുള്ള ഓണസദ്യയാണ് ഒരുങ്ങുന്നത്. രാവിലെ 11 മുതൽ 3 മണി വരെ മാത്രമാണ് സദ്യയുടെ സമയം. 5000 പേർക്ക് ഒരേ സമയം ഭക്ഷണം കഴിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രവേശനം പാസ് മൂലം നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

പ്രധാന പരിപാടികൾ:

ഷാർജ എക്‌സ്‌പോ സെന്ററിൽ രാവിലെ 9 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങോടെ ഓണാഘോഷങ്ങൾക്ക് ഔദ്യോഗികമായി തുടക്കമാകും. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ സന്തോഷ് കുമാർ ശിവൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. കേരള സംസ്ഥാന വ്യവസായ മന്ത്രി ശ്രീ.പി.രാജീവ് മുഖ്യാതിഥി ആയിരിക്കും.

ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും, ട്രഷറർ ഷാജി ജോൺ നന്ദിയും പറയും.

കേരളത്തിന്റെ സമ്പന്നമായ കലാരൂപങ്ങൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള വിപുലമായ സാംസ്കാരിക ഘോഷയാത്ര ഓണാഘോഷങ്ങൾക്ക് മാറ്റ് കൂട്ടും. ഘോഷയാത്രയിൽ ആന, പഞ്ചാരി മേളം, ശിങ്കാരിമേളം, കഥകളി, പുലികളി, തെയ്യം, കളരിപ്പയറ്റ് എന്നിവയുൾപ്പെടെയുള്ള നിരവധി കലാരൂപങ്ങൾ അണിനിരക്കും.

അൽ ഇബ്തിസാമ സ്പെഷ്യൽ നീഡ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്നകലാപരിപാടികളോടെയാകുംസാംസ്കാരികപരിപാടികൾക്ക് തുടക്കമാവുക. ആഘോഷങ്ങളുടെ ഭാഗമായി വിവിധ എമിറേറ്റുകളിലെ അസോസിയേഷനുകളിൽ നിന്നുള്ളവർ പങ്കെടുക്കുന്ന പൂക്കള മത്സരവും ഉണ്ടായിരിക്കും.

പ്രത്യേക ആകർഷണങ്ങൾ:

വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളും അനുഭവങ്ങളും വാഗ്ദാനം ചെയ്ത് ഓണത്തിന്റെ ചടുലത കൂട്ടാൻ നിരവധി സ്റ്റാളുകൾ പരിപാടിക്ക് മാറ്റേകും. പ്രശസ്ത ബാൻഡായ PROJECT MALABARICUS അവതരിപ്പിക്കുന്ന സംഗീത വിരുന്ന് കാണികൾക്ക് ആവേശമായി മാറും. വിവിധ സംഘടനകളുടെ നൃത്ത പരിപാടികളും മറ്റു കലാവിരുന്നുകളും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടും.

ഇന്ത്യൻ അസോസിയേഷൻ ഷാർജയുടെ 2025-ലെ ഓണാഘോഷങ്ങൾ യു.എ.ഇ.യിലെ ഇന്ത്യൻ പ്രവാസികൾക്ക് മറക്കാനാവാത്ത സാംസ്കാരികാനുഭവമായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version