ദുബായ് ∙ ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈ ദുബായ് എല്ലാ ഇക്കോണമി ക്ലാസ് ടിക്കറ്റുകളിലും വിമാനത്തിലെ ഭക്ഷണവും വിനോദ പരിപാടികളും ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചു. യാത്രക്കാരുടെ യാത്രാനുഭവം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നവംബർ മുതൽ പുതിയ മാറ്റങ്ങൾ പ്രാബല്യത്തിൽ വരും.
എല്ലാ വിമാന സർവീസുകളിലെയും ഇക്കോണമി ക്ലാസ് സൗകര്യങ്ങൾ പരിഷ്കരിക്കുന്നത് ബിസിനസ് മോഡലിൽ ഒരു സുപ്രധാന മാറ്റമാണെന്നും ഉപയോക്താക്കൾക്ക് കൂടുതൽ മികച്ചതും സൗകര്യപ്രദവുമായ യാത്രാനുഭവം നൽകുമെന്നും സിഇഒ ഗൈത്ത് അൽ ഗൈത്ത് പറഞ്ഞു. സേവനങ്ങൾ, സാങ്കേതികവിദ്യകൾ, ഉൽപന്ന വികസനം എന്നിവയിലൂടെ ഓരോ ഘട്ടത്തിലും യാത്രക്കാരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും.
നെറ്റ്‌വർക്ക് വികസിപ്പിക്കാനും കൂടുതൽ യാത്രക്കാരെ സ്വാഗതം ചെയ്യാനും തയ്യാറെടുക്കുന്ന ഈ സമയത്ത് ഈ പ്രഖ്യാപനം വളരെ ഉചിതമാണെന്ന് ഫ്ലൈ ദുബായിയുടെ ചീഫ് കൊമേഴ്സ്യൽ ഓഫിസർ ഹമദ് ഒബൈദല്ല പറഞ്ഞു. ഓരോ ടിക്കറ്റിലും ഭക്ഷണവും വിനോദവും ഉൾപ്പെടുത്തുന്നതിലൂടെ ഇക്കോണമി ക്ലാസ് നിരക്കുകളുടെ ഘടന പരിഷ്കരിക്കുന്നു. ഇത് യാത്രക്കാർക്ക് കൂടുതൽ മൂല്യം ഉറപ്പാക്കുകയും മത്സരാധിഷ്ഠിതമായി നിലനിൽക്കുകയും ചെയ്യും.
വിനോദവും ഭക്ഷണവും
ഒരു ബജറ്റ് എയർലൈനായിട്ടാണ് ഫ്ലൈ ദുബായ് സർവീസ് ആരംഭിച്ചതെങ്കിലും ബിസിനസ് ക്ലാസ് അവതരിപ്പിച്ചും ടെർമിനൽ രണ്ടിൽ പുതിയ ബിസിനസ് ക്ലാസ് ലോഞ്ച് തുറന്നും വിനോദവും മറ്റ് സേവനങ്ങളും വിപുലീകരിച്ചും വിമാനക്കമ്പനി അതിന്റെ സേവനങ്ങൾ വർഷങ്ങളായി മെച്ചപ്പെടുത്തിവരുന്നു. എച്ച്ബിഒ മാക്സ്, ബിബിസി കിഡ്‌സ്, കാർട്ടൂൺ നെറ്റ്‌വർക്ക് തുടങ്ങിയ പ്രമുഖ സ്റ്റുഡിയോകളിൽ നിന്നുള്ള 1,000ലേറെ ഹോളിവുഡ്, ബോളിവുഡ്, അറബിക്, രാജ്യാന്തര സിനിമകളും ടിവി ഷോകളും ഉൾപ്പെടുന്ന മൾട്ടി-ലാംഗ്വേജ് ഇൻ-ഫ്ലൈറ്റ് എന്റർടെയ്ൻമെന്റ് അനുഭവം ഫ്ലൈ ദുബായ് നൽകുന്നുണ്ട്. ഇന്ററാക്ടീവ് ഗെയിമുകൾ, ഇ-മാഗസിനുകൾ, 700ൽ അധികം സംഗീത ആൽബങ്ങൾ, പോഡ്കാസ്റ്റ് എപ്പിസോഡുകൾ എന്നിവയും ലഭ്യമാണ്. യാത്രക്കാർക്ക് വിവിധതരം ഭക്ഷണങ്ങൾ, ലഘുഭക്ഷണങ്ങൾ, പാനീയങ്ങൾ എന്നിവ തിരഞ്ഞെടുക്കാം. നിലവിൽ ആഫ്രിക്കൻ, യൂറോപ്യൻ, ഇന്ത്യൻ, മിഡിൽ ഈസ്റ്റേൺ, റഷ്യൻ, തെക്കുകിഴക്കൻ ഏഷ്യൻ വിഭവങ്ങൾ ഉൾപ്പെടുന്ന പ്രാദേശിക മെനുകളാണ് ലഭ്യമാക്കുന്നത്.
ഈ വർഷം 9 പുതിയ വിമാനങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ദുബായ് കാരിയർ തങ്ങളുടെ നെറ്റ്‌വർക്ക് വിപുലീകരിക്കുകയാണ്. ഇതോടെ ബോയിങ് 737 വിമാനങ്ങളുടെ എണ്ണം 95 ആകും. 135ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി 2025 അവസാനത്തോടെ മൂന്ന് വിമാനങ്ങൾ കൂടി ഫ്ലൈ ദുബായ്ക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബോയിങ് 737-800 വിമാനങ്ങളിൽ മാറ്റങ്ങൾ വരുത്തുന്ന ‘റെട്രോഫിറ്റ്’ പദ്ധതിയുടെ ഭാഗമായി ലൈ-ഫ്‌ളാറ്റ് ബിസിനസ് ക്ലാസ് സീറ്റുകളും പുതിയ ഇക്കോണമി ക്ലാസ് സീറ്റുകളും വിമാനത്തിൽ സ്ഥാപിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ ലഭിക്കുന്ന പുതിയ വിമാനങ്ങൾക്കായി നൂറുകണക്കിന് പുതിയ ജീവനക്കാരെയും വിമാനക്കമ്പനി റിക്രൂട്ട് ചെയ്യും.