Gulf

ആൾമാറാട്ടം: ദുബായിൽ പൊലീസാണെന്ന് നടിച്ച് 45,000 ദിർഹം കവരാൻ ശ്രമിച്ചയാൾക്ക് മൂന്ന് മാസം തടവ് ശിക്ഷ.

Published

on

ദുബായ് ∙ ദുബായിൽ പൊലീസാണെന്ന് നടിച്ച് 45,000 ദിർഹം കവരാൻ ശ്രമിച്ചയാൾക്ക് മൂന്ന് മാസം തടവ് ശിക്ഷ. 45-കാരനായ ഗൾഫ് പൗരനാണ് ദുബായ് ക്രിമിനൽ കോടതി ശിക്ഷ വിധിച്ചത്. ദെയ്റ നായിഫ് ഏരിയയിലെ ഒരു കറൻസി എക്സ്ചേഞ്ചിന് സമീപത്ത് ഇയാൾ ഏഷ്യക്കാരനായ ഒരാളിൽ നിന്ന് പണം തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. കണ്ടാൽ തിരിച്ചറിയാൻ സാധിക്കാത്ത മറ്റ് ചില കൂട്ടാളികളും ഇയാൾക്കൊപ്പമുണ്ടായിരുന്നു.

ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 45,000 ദിർഹം യുഎസ് ഡോളറാക്കി മാറ്റാൻ കറൻസി എക്സ്ചേഞ്ചിലെത്തിയതായിരുന്നു ഇരയായ വ്യക്തി. എന്നാൽ അനുകൂലമായ നിരക്കല്ലെന്ന് മനസ്സിലാക്കിയപ്പോൾ ഇടപാട് ഉപേക്ഷിച്ച് ഇയാൾ പുറത്തേക്ക് ഇറങ്ങി. ഈ സമയം പ്രതിയും കൂട്ടാളികളും പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പറഞ്ഞ് അടുത്തുള്ള കാറിൽ നിന്ന് പുറത്തിറങ്ങി ഇയാളുടെ അടുത്തേക്ക് വരികയായിരുന്നു. നിങ്ങൾ അറസ്റ്റിലാണെന്ന് അവർ തന്നോട് പറയുകയും തന്റെ ബാഗ് പിടിച്ചുവാങ്ങാനും ശ്രമിക്കുകയുമായിരുന്നുവെന്ന്  ഇര അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. താൻ ചെറുത്തുനിൽക്കുകയും സഹായത്തിനായി നിലവിളിക്കുകയും ചെയ്തു. ആളുകൾ കൂടിയപ്പോൾ രണ്ട് പേർ പൊലീസ് ബാഡ്ജുകൾ കാണിച്ചെങ്കിലും താനും അവിടെ കൂടിയവരും അവരെ ചോദ്യം ചെയ്തു. ഇതോടെ പ്രതികൾ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

ദുബായ് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച വാഹനം കണ്ടെത്തുകയായിരുന്നു. മറ്റൊരാളുടെ പേരിലാണ് വാഹനം റജിസ്റ്റർ ചെയ്തിരിക്കുന്നതെങ്കിലും കാർ പ്രതിയുടെ സഹോദരന്റെ കൈവശമാണെന്ന് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ പ്രതി മോഷണശ്രമം നിഷേധിച്ചു. ഇര തനിക്ക് പണം നൽകാനുണ്ടെന്നും അത് വാങ്ങാനാണ് താൻ അവിടെ പോയതെന്നുമാണ് ഇയാൾ പറഞ്ഞത്. എന്നാൽ ആളുകൾ കൂടിയപ്പോൾ അവർ സാമ്പത്തിക തട്ടിപ്പ് ആരോപിച്ച് തന്നെ കുടുക്കുകയായിരുന്നെന്നും അതിനാൽ താൻ അവിടെ നിന്ന് പോകുകയായിരുന്നുവെന്നും ഇയാൾ പ്രോസിക്യൂട്ടർമാരോട് പറഞ്ഞു. എന്നാൽ പ്രതിയുടെ വാദങ്ങൾ കോടതി തള്ളി. തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളുടെ നിഷേധിക്കൽ വിശ്വസനീയമല്ലെന്ന് കോടതി വ്യക്തമാക്കി. ശിക്ഷ ഒഴിവാക്കാനുള്ള തന്ത്രമാണിതെന്നും കോടതി പറഞ്ഞു. പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ കോടതി മോഷണശ്രമത്തിനും പൊലീസ് ചമഞ്ഞതിനും ശിക്ഷ വിധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version