35,000 അടി ഉയരത്തിൽ ഒരു ഓണസദ്യ
സമൃദ്ധിയുടെയും സമത്വത്തിന്റെയും ഒരു സുവർണ്ണകാലഘട്ടത്തെ പ്രതീകപ്പെടുത്തുന്നതാണ് ഓണം. ലോകമെമ്പാടുമുള്ള മലയാളികൾ ഒരേപോലെ ഓണം ആഘോഷിക്കുന്നു. വിഭവസമൃദ്ധമായ ഓണസദ്യയും വർണ്ണാഭമായ പൂക്കളും ലോകത്ത് എവിടെയാണെങ്കിലും മലയാളിക്ക് ഓണത്തിന് നിർബന്ധമാണ്. എന്നാൽ, എപ്പോഴെങ്കിലും ഒരു വിമാനയാത്രയ്ക്കിടെ സദ്യ കഴിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? ഇപ്പോഴിതാ, അതിനും അവസരം ഒരുക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്.
ഓണാഘോഷത്തിനോടനുബന്ധിച്ച് കേരളത്തിൽ നിന്ന് യു.എ.ഇ.യിലേക്കുള്ള വിമാനങ്ങളിൽ പ്രത്യേക ഓണസദ്യ വാഗ്ദാനം ചെയ്യുന്നുണ്ട് എയർ ഇന്ത്യ എക്സ്പ്രസ്. ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ എട്ട് വരെ കൊച്ചി, കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം, മംഗളൂരു എന്നീ വിമാനത്താവളങ്ങളിൽ നിന്ന് പുറപ്പെടുന്നവയിലും എത്തുന്നവയിലും ഈ സൗകര്യം ലഭ്യമായിരിക്കും.
500 രൂപയ്ക്ക് ലഭിക്കുന്ന സദ്യ മുൻകൂട്ടി ബുക്ക് ചെയ്യണമെന്ന് അധികൃതർ അറിയിച്ചു. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് 18 മണിക്കൂർ മുമ്പ് ഭക്ഷണം റിസർവ് ചെയ്യേണ്ടതാണ്. മട്ട അരി ചോറിനൊപ്പം പരിപ്പ്, സാമ്പാർ, അവിയൽ, കൂട്ടുകറി, എരിശ്ശേരി, തോരൻ, മാങ്ങാ അച്ചാർ, ഇഞ്ചിപ്പുളി, കായ വറുത്തത്, ശർക്കര വരട്ടി, പാലട പ്രഥമൻ തുടങ്ങിയ കേരളീയ വിഭവങ്ങൾ എയർലൈൻസ് ഒരുക്കുന്ന സദ്യയിൽ ഉൾപ്പെടും.