അഹമ്മദാബാദിലെ വിമാനപകടത്തിന് കാരണം ഒരേസമയം രണ്ട് എഞ്ചിനുകളും തകരാറിലായതായിരിക്കാമെന്ന് നിഗമനം. എന്‍ജിന്‍ തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമികാന്വേഷണത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന നിഗമനമെന്ന് എഎഐബി അന്വേഷണ സംഘത്തെ ഉദ്ധരിച്ച് ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു.
എയര്‍ ഇന്ത്യ വിമാനത്തിന്റെ അപകടസാഹചര്യം കൃത്രിമമായി പുനഃസൃഷ്ടിച്ച് അന്വേഷണസംഘം പഠനം നടത്തിയിരുന്നു. വിമാനം നിയന്ത്രിക്കുന്നതിലുണ്ടായ പിഴവല്ല അപകടത്തിനിടയാക്കിയതെന്നാണ് നിഗമനം. ലാൻഡിങ് ഗിയറിന്‍റെയും വിങ് ഫ്ലാപ്പുകളുടെയും പ്രവർത്തനങ്ങളും വിലയിരുത്തി. ഇവയല്ല അപകടത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ.
അതേസമയം, വിമാനത്തിലെ രണ്ട് എഞ്ചിനുകളും തകരാറിലാകുമ്പോൾ മാത്രം പ്രവർത്തിക്കുന്ന അടിയന്തര ഊർജ്ജ സ്രോതസ്സായ വിമാനത്തിന്റെ റാറ്റ് (ram air turbine) അപകടത്തിന് നിമിഷങ്ങൾക്ക് മുമ്പ് പ്രവർത്തനസജ്ജമായതായി അന്വേഷണത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്, വിമാനത്തിന്റെ രണ്ട് എൻജിനുകളും തകരാറിലായിരിക്കാം എന്ന സാധ്യതയിലേയ്ക്കാണ് വിരൽചൂണ്ടുന്നത്.
ടേക്കോഫിന് പിന്നാലെ വിമാനത്തിന് ഉയരാൻ സാധിക്കാതെ വന്നതും പിന്നീട് കെട്ടിടത്തിൽ ഇടിച്ചിറങ്ങുന്നതും വീഡിയോ ദൃശ്യങ്ങളുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്.ജി.ഇ. (General Electric) കമ്പനിയുടെ ഇരട്ട എഞ്ചിനുകളാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വൈദ്യുത തകരാർ, ഇന്ധനത്തിലെ മായം, എഞ്ചിൻ നിയന്ത്രണ സംവിധാനത്തിലുണ്ടായ അപാകത എന്നിവയെല്ലാം ചേർന്ന് എൻജിൻ തകരാറിന് കാരണമായിട്ടുണ്ടോ എന്നും എഎഐബി പരിശോധിക്കുന്നുണ്ട്. എന്നാൽ, അന്വേഷണവുമായി ബന്ധപ്പെട്ട കാര്യത്തിൽ ജനറൽ ഇലക്ട്രിക് പ്രതികരിക്കാൻ തയ്യാറായില്ല. എയർ ഇന്ത്യയും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. അന്വേഷണ റിപ്പോർട്ട് ഇനിയും എഎഐബി പുറത്തുവിട്ടിട്ടില്ല.