അബുദാബി ∙ യുഎഇയുടെ ആരോഗ്യമേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ട് രാജ്യത്തെ ആദ്യത്തെ ആശുപത്രി കേന്ദ്രീകൃത വെർട്ടിപോർട്ട് (പറക്കും ടാക്സികൾ ഇറങ്ങുന്ന ആധുനിക ഹെലിപാഡ്) ഉടൻ നിലവിൽ വരും. ഇവിടെ നിന്ന് ‘എയർ ടാക്സികൾ’ പറന്നുയരുന്നതിനും ലാൻഡ് ചെയ്യുന്നതിനും സംവിധാനമൊരുക്കി. അടിയന്തര സാഹചര്യങ്ങളിൽ രോഗികൾക്ക് മിനിറ്റുകൾക്കുള്ളിൽ അതിവേഗ ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കാൻ ഇത് സഹായിക്കുമെന്നാണ് പ്രതീക്ഷ.
ക്ലീവ്‌ലാൻഡ് ക്ലിനിക്ക് അബുദാബിയും ആർച്ചർ ഏവിയേഷൻ ഇങ്കും ചേർന്നാണ് ഈ സംയുക്ത സംരംഭം പ്രഖ്യാപിച്ചത്. ആശുപത്രിയിലെ നിലവിലുള്ള ഹെലിപാഡിനെ പരമ്പരാഗത ഹെലികോപ്റ്ററുകൾക്കും ഇവിറ്റോൾ വിമാനങ്ങൾക്കും ഒരുപോലെ അനുയോജ്യമായ രീതിയിൽ പരിവർത്തനം ചെയ്യും. ഈ വെർട്ടിപോർട്ട് യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിലൂടെ സാധാരണ യാത്രാ ആവശ്യങ്ങൾക്കും അടിയന്തര സ്വഭാവമുള്ള അവയവ മാറ്റ ശസ്ത്രക്രിയകൾക്കായുള്ള ഗതാഗതത്തിനും ഇത് സഹായകമാകും. റോഡ് മാർഗമുള്ള യാത്രയെ അപേക്ഷിച്ച് യാത്രാ സമയം കുത്തനെ കുറയ്ക്കാൻ ഇതിലൂടെ സാധിക്കും. ഈ സർവീസുകൾക്കായി ആർച്ചറിന്റെ ‘മിഡ്‌നൈറ്റ്’ എന്ന ഇലക്ട്രിക് വിമാമായിരിക്കും ഉപയോഗിക്കുക
നാല് യാത്രക്കാരെ വരെ വഹിക്കാൻ ശേഷിയുള്ള ഈ എയർ ടാക്സികൾ പരമ്പരാഗത ഹെലികോപ്റ്ററുകളേക്കാൾ കുറഞ്ഞ ശബ്ദവും മലിനീകരണവുമാണ് ഉണ്ടാക്കുക. യുഎഇയിൽ പറക്കും ടാക്സി സർവീസുകൾ ആരംഭിക്കുന്ന ആദ്യ കമ്പനിയായിരിക്കും ആർച്ചർ ഏവിയേഷൻ. നേരത്തെ അബുദാബി ക്രൂസ് ടെർമിനലിൽ ഹൈബ്രിഡ് വെർട്ടിപോർട്ടിന് അനുമതി ലഭിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. അബുദാബിയിലെ ‘ജീവിതത്തിന്റെ തൂണുകളെ’ തമ്മിൽ ബന്ധിപ്പിക്കുന്നതാണ് ഈ പുതിയ സംരംഭമെന്ന് ആർച്ചർ എക്‌സിക്യൂട്ടീവുകൾ പറഞ്ഞു.
അബുദാബി ക്രൂസ് ടെർമിനലിൽ കഴിഞ്ഞ ജൂണിൽ ഇഹാംഗിന്റെ ഇഎച്216‑എസ് എന്ന പൈലറ്റില്ലാത്ത ഇവിറ്റോൾ വിമാനം വിജയകരമായി പരീക്ഷണ പറക്കൽ നടത്തിയിരുന്നു. ആർച്ചറിന്റെ പറക്കും ടാക്സികൾ ഈ വർഷാവസാനത്തോടെ സർവീസ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. യുഎഇയിൽ മിഡ്‌നൈറ്റ് വിമാനത്തിന്റെ പരീക്ഷണ പറക്കലിനും യാത്രക്കാരുമായുള്ള ആദ്യ പറക്കലിനുമായി ആർച്ചർ അധികൃതർ അബുദാബി ഏവിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്. 60 മുതൽ 90 മിനിറ്റ് വരെ എടുക്കുന്ന റോഡ് യാത്രകൾ രാജ്യത്തെ വിവിധ എമിറേറ്റുകൾക്കിടയിൽ 10-30 മിനിറ്റായി കുറയ്ക്കാൻ മിഡ്‌നൈറ്റ് വിമാനങ്ങൾക്ക് സാധിക്കും.