Gulf

അബുദാബിയിലെ ആദ്യ ഫ്ലോട്ടിങ് ഹോട്ടൽ യാസ് മറീനയിൽ തുറന്നു

Published

on

അബുദാബി ∙ ഓളപ്പരപ്പിൽ ആഡംബര താമസം വാഗ്ദാനം ചെയ്ത് അബുദാബിയിലെ ആദ്യ ഫ്ലോട്ടിങ് ഹോട്ടൽ യാസ് മറീനയിൽ തുറന്നു. പഞ്ചനക്ഷത്ര സൗകര്യങ്ങളോടെയുള്ള ഓർക്കിഡ് ഓവർനൈറ്റ് സൂപ്പർയോട്ടിൽ 31 മുറികളുണ്ട്. ഇതിൽ രണ്ടു കിടക്കകളുള്ള 24 സുപ്പീരിയർ മുറികൾ, എൻ സ്യൂട്ട് ബാത്ത്റൂമുകളുള്ള 4 വിഐപി റൂമുകൾ, ലിവിങ് ഏരിയ, സോഫ ബെഡ്, ഹോട്ട് ടബ്, ഷവർ എന്നിവയുള്ള 3 റോയൽ സ്യൂട്ടുകളും ഉൾപ്പെടും.

ഒരു രാത്രി തങ്ങുന്നതിന് 990 ദിർഹം മുതലാണ് നിരക്ക്. അതിഥികൾക്ക് 24 മണിക്കൂർ കാവൽക്കാരൻ, ഹൗസ് കീപ്പിങ്, സ്മാർട്ട് റൂം ഓട്ടമേഷൻ, 360 ഡിഗ്രി സൺ ഡെക്ക് എന്നിവയും ലഭ്യമാകും. അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിനും സായിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ സമീപത്തുമായാണ് ഹോട്ടൽ ഒഴുകുന്നത്

ഹോസ്പിറ്റാലിറ്റി രംഗത്ത് ധീരമായ പുതിയ അധ്യായമാണ് ഓർക്കിഡ് ഓവർനൈറ്റ് എന്ന് യാസ് അസറ്റ് മാനേജ്മെന്റ് ജനറൽ മാനേജർ ജാസിം അൽബസ്റ്റാക്കി പറഞ്ഞു. ആഡംബര ഹോട്ടലിന്റെ സുഖസൗകര്യവും സൂപ്പർയോട്ടിന്റെ ചാരുതയും എക്സ്ക്ലൂസിവിറ്റിയും സംയോജിപ്പിക്കുന്ന ഒഴുകുന്ന ഹോട്ടൽ അതിഥികൾക്ക് പ്രത്യേക അനുഭവം പകരും.

ഡൈനിങ് ഓപ്ഷനുകളിൽ ഫുൾ ബോർഡ് പാക്കേജുകൾ, 24 മണിക്കൂർ ഇൻ-റൂം സേവനം, ഓൺ-ബോർഡ് പാചകക്കാരുടെ ക്യൂറേറ്റഡ് മെനു എന്നിവ ഉൾപ്പെടുന്നു. ഒക്ടോബറിൽ സൺഡൗണർ, ഡിന്നർ ക്രൂസുകൾ ആരംഭിക്കും. വിവാഹം, സമ്മേളനം, യോഗങ്ങൾ ഉൾപ്പെടെ കോർപറേറ്റ് ഇവന്റുകൾ എന്നിവ നടത്താനും അനുയോജ്യം. ഒഴുകുന്ന ഹോട്ടലിലെ 31 മുറികളും വാടകയ്ക്ക് എടുക്കാനും അവസരമുണ്ടെന്ന് ഹോസ്പിറ്റാലിറ്റി ആൻഡ് ബിസിനസ് ഡവലപ്മെന്റ് ജനറൽ മാനേജർ സ്വപ്നിൽ പത്രികർ പറഞ്ഞു. ദുബായിലെ ഫ്ലോട്ടിങ് ഹോട്ടൽ ഒക്ടോബർ ഒന്നിന് തുറക്കും

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version